ലക്‌നൗ: ഉത്തർപ്രദേശിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 27 മരണം. തിങ്ക്ലാഴ്ച രാവിലെയാണ് സംഭവം. യമുന എക്സപ്രസ്‌വേയിൽ നിന്ന് തെന്നിമാറിയ ബസ് 15 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. 15 പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. എത്തുവയിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്‍റെ ബസാണ് അപകടത്തിൽ പെട്ടത്. അപകടസമയത്ത് ബസിൽ 44 ഓളം ആളുകളുണ്ടായിരുന്നതായാണ് വിവരം.
അമിത വേഗതയിലായിരുന്ന ബസ് കൈവരിയിൽ തട്ടി കനാലിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നോയിഡയെയും ആഗ്രയെയും ബന്ധിപ്പിക്കുന്ന 165 കിലോമീറ്റർ ദൈർഘ്യമുള്ള ആറുവരി പാതയാണ് യമുന അതിവേഗപാത.
സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവർക്ക് അടിയന്തര ചികിത്സ സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.