ന്യൂഡല്‍ഹി: 2018ല്‍ ഇന്ത്യയില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ വ്യക്തികളുടെ പട്ടിക യാഹു പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇത്തവണയും ഒന്നാം സ്ഥാനത്തുളളത്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ടാം സ്ഥാനത്തെത്തി. മുത്തലാഖ്, സ്വവര്‍ഗരതി നിയമപരമാക്കിയ വിധികള്‍ എന്നിവ പുറപ്പെടുവിച്ച സുപ്രിംകോടതി ജഡ്ജി ദീപക് മിശ്രയാണ് മൂന്നാം സ്ഥാനത്തുളളത്. തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍ മീടു ആരോപണത്തെ തുടര്‍ന്ന് രാജി വെച്ച കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ ആറാം സ്ഥാനത്തെത്തി.

പട്ടികയിലെ ദമ്പതികളായി ദീപിക-രണ്‍വീര്‍ ജോഡികളെത്തി. പട്ടികയിലെ ഏറ്റവും കൂടുതല്‍ തിരഞ്ഞ പ്രായം കുറഞ്ഞയാള്‍ സൈഫ് അലിഖാന്റെ മകന്‍ തൈമൂര്‍ അലി ഖാനാണ്. പ്രിയ പ്രകാശ് വാര്യറും പട്ടികയിലുണ്ട്. 2018ലെ മൂന്ന് വലിയ വ്യാജ വാര്‍ത്തകളും യാഹു പുറത്തുവിട്ടു.

മോദി ശരിക്കും ഒവൈസിയുടെ കാല് തൊട്ട് വന്ദിച്ചോ? എന്ന കീവേഡാണ് ഒരു വ്യാജ ചിത്രത്തിനായി സെര്‍ച്ച് ചെയ്യപ്പെട്ടത്. മോദി അക്ബറുദ്ദീന്‍ ഒവൈസിയുടെ കാല് തൊടുന്നതായി എഡിറ്റ് ചെയ്ത ഫോട്ടോ ആയിരുന്നു അത്.

രണ്ടാമത്തെ വ്യാജ വാര്‍ത്തയും മോദിയെ കുറിച്ച് ഉളളതായിരുന്നു. പ്രതിമാസം 15 ലക്ഷം രൂപ വേതനം നല്‍കി മോദി മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ നിയമിച്ചു എന്നതായിരുന്നു വാര്‍ത്ത. മാദം തുസ്സാദില്‍ മോദിയുടെ പ്രതിമ വെക്കാനായി അദ്ദേഹത്തിന്റെ അളവ് എടുക്കുന്ന ചിത്രത്തിനൊപ്പം ആയിരുന്നു ഈ വാര്‍ത്ത പ്രചരിച്ചത്.

മൂന്നാമത്തെ വ്യാജ വാര്‍ത്തയിലെ ഇര രാഹുല്‍ ഗാന്ധിയായിരുന്നു. ഒരു സ്ത്രീയുടെ കൈ പിടിച്ച് രാഹുല്‍ വേദിയില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു അത്. രാഹുല്‍ ഗാന്ധി സ്ത്രീയോട് മോശമായി പെരുമാറുന്നെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിച്ചത്.

എന്നാല്‍ രാഹുല്‍ നയിച്ച ‘ജന്‍ ആന്ദോളന്‍’ റാലിയില്‍ പങ്കെടുത്ത ദലിത് യുവതിയായിരുന്നു അത്. വേദിയില്‍ കൈപിടിച്ച് ഉയര്‍ത്തി മനുഷ്യച്ചങ്ങല തീര്‍ക്കുന്നതിന് തൊട്ടുമുമ്പായിരുന്നു രാഹുല്‍ സ്ത്രീയുടെ കൈയില്‍ കരുതലോടെ പിടിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook