സിയാമെന്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍ പിങ്ങുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. ചൈനയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ രാവിലെ പത്തു മണിക്കാണ് കൂടിക്കാഴ്ച്ച. ദോക്‌ലാം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയില്‍ കടന്നുവന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എഴുപതുദിവസം നീണ്ട സംഘര്‍ഷാവസ്ഥയ്ക്കുശേഷമാണ് ദോക്‌ലാമിൽ നിന്ന് ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചത്. ഇതുവഴി ബ്രിക്സില്‍ മുഖാമുഖം ഇരിക്കാനുളള സാഹചര്യത്തിന് ഇരുരാജ്യങ്ങളും സന്നദ്ധമായെങ്കിലും തര്‍ക്കവിഷയങ്ങള്‍ അതേപടി തുടരുകയാണ്. ഈ സാഹചര്യത്തിലാണു മോദിയും ചിൻപിങ്ങുമായി ചര്‍ച്ച നടത്തുന്നത്. അതിര്‍ത്തി പ്രശ്നം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നേക്കും. പരസ്പര വിശ്വാസം ഉയര്‍ത്തുന്നതിനുളള ശ്രമം ഇരുനേതാക്കളും മുന്നോട്ടു വയ്ക്കുമെന്നാണു പ്രതീക്ഷ.

ബ്രിക്സ് ഉച്ചകോടിയിൽ ഇന്നലെ പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകൾക്കെതിരേ സംയുക്ത പ്രമേയം പാസാക്കിയിരുന്നു. താലിബാൻ, ജയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തോയ്ബ, അൽക്വയ്ദ തുടങ്ങിയ ഭീകര സംഘടനകളുടെ പേരെടുത്തുള്ള പരാമർശം പ്രമേയത്തിലുണ്ട്. ഇന്ത്യയുടെ ശക്തമായ നിലപാടാണ് ഭീകര സംഘടനകൾക്കെതിരേ പ്രമേയം പാസാക്കാൻ കാരണമായിരിക്കുന്നത്.

തങ്ങളുടെ അടുത്ത സുഹൃത്തായ പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ ഉച്ചകോടിയില്‍ ഉന്നയിക്കുന്നതിനെ ചൈന നേരത്തെ എതിര്‍ത്തിരുന്നു. പാകിസ്താന്‍ കേന്ദ്രീകരിച്ചു നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മൗനം പാലിക്കുന്ന ചൈനയുടെ കൂടി പിന്തുണയോടെ സംയുക്ത പ്രസ്താവന പുറത്തിറക്കാന്‍ സാധിച്ചത് ഇന്ത്യയുടെ നയതന്ത്രവിജയമായാണ് വിലയിരുത്തപ്പെടുന്നത്.

തീവ്രവാദത്തിനെതിരെ യോജിച്ചുള്ള പ്രവർത്തനം വേണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് യോഗത്തിൽ ആവശ്യപ്പെട്ടു. ‘ഡീ റാഡിക്കലൈസേഷൻ’ ഉച്ചകോടിയെന്ന ആശയവും അദ്ദേഹം മുന്നോട്ടുവച്ചു. രാജ്യങ്ങൾ കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കൽ, ഭീകര പ്രവർത്തനങ്ങൾക്കുള്ള പണം നൽകൽ തുടങ്ങിയ വിഷയങ്ങളും പ്രധാനമന്ത്രി ഉച്ചകോടിയിൽ ഉന്നയിച്ചു. ആഗോള സ്ഥിരതയ്ക്കും സമാധാനത്തിനുമായി വലിയ തോതിലുള്ള സഹകരണം ഉണ്ടാകണമെന്നും മോദി ആവശ്യപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ