അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ വര്‍ഗീയ ധ്രുവീകരണ നീക്കങ്ങള്‍ക്ക് ശ്രമം. അഹമ്മദാബാദിലെ മുസ്ലിംങ്ങളുടെ വീടുകള്‍ക്ക് മുന്നില്‍ ‘എക്സ്’ (X) ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ന്യൂനപക്ഷ വിഭാഗത്തെ ആശങ്കയിലാക്കുന്നതാണ് അഹമ്മദാബാദിലെ പുതിയ നീക്കമെന്ന് ടൈംസ് നൗ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ചില ഹിന്ദുക്കളുടെ വീടുകള്‍ക്ക് പുറത്തും ഇത്തരത്തില്‍ ചുവന്ന മഷി കൊണ്ടുളള ചിഹ്നം വരച്ചിട്ടുണ്ടെന്നും സാമൂഹമാധ്യമങ്ങളില്‍ പ്രചരണമുണ്ട്.

തിങ്കളാഴ്ച രാവിലെയോടെ പ്രദേശത്തെ മുസ്ലിംങ്ങളുടെ വീടുകള്‍ക്ക് പുറത്ത് ഇത്തരത്തിലുളള അടയാളങ്ങള്‍ കണ്ടതോടെ ജനങ്ങള്‍ പൊലീസിനെ വിവരം അറിയിച്ചു. പ്രദേശത്ത് സാമുദായിക ധ്രുവീകരണം ഉണ്ടാക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളാണ് ഇതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം, കോണ്‍ഗ്രസാണ് ഇതിന് പിന്നിലെന്ന് ബിജെപിയും ആരോപിച്ചു.

2002ലെ വര്‍ഗീയ കലാപത്തില്‍ ആക്രമിക്കപ്പെട്ട കുടുംബത്തിന്റെ വീടിന് പുറത്തും ഇത്തരത്തിലുളള ചുവന്ന നിറത്തിലുളള ക്രോസ് കണ്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. സ്ഥലത്ത് സമാധാനം തകര്‍ക്കാനുളള ശ്രമമാണ് ഇതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും ആശങ്കപ്പെടുന്നുണ്ട്. അമാന്‍ കോളനി, നഷേമാന്‍ അപ്പാര്‍ട്ട്മെന്റ്, ടാഗോര്‍ ഫ്ലാറ്റ്സ്, ആഷിയാന അപ്പാര്‍ട്ട്മെന്റ് എന്നിവിടങ്ങളിലും ചുവന്ന ‘X’ ചിഹ്നങ്ങള്‍ കാണപ്പെട്ടു.

ഗുജറാത്തില്‍ നില പരുങ്ങലിലായ കോണ്‍ഗ്രസ് വോട്ട് നേടാന്‍ നടത്തുന്ന നീക്കമാണ് ഇതെന്ന് ബിജെപി വക്താവ് പറഞ്ഞു. ‘X’ എന്ന അടയാളം കോണ്‍ഗ്രസിന്റെ പഴയ രാഷ്ട്രീയ തന്ത്രമാണെന്നും ഹിന്ദുക്കളും മുസ്ലിംങ്ങളും തമ്മില്‍ അകല്‍ച്ചയുണ്ടാക്കാന്‍ തങ്ങള്‍ ശ്രമിക്കില്ലെന്നും ആര്‍എസ്എസ് നേതാവ് രാകേഷ് സിന്‍ഹ പറഞ്ഞു.

സ്ഥലത്ത് വര്‍ഗീയ പരാമര്‍ശങ്ങളുളള പോസ്റ്ററുകള്‍ പ്രചരിച്ചത് മൂന്ന് ദിവസം മുമ്പാണ്. ഇതിന് പിന്നാലെയാണ് നിഗൂഢ ചിഹ്നവും പ്രത്യക്ഷപ്പെട്ടത്. അതേസമയം കോര്‍പ്പറേഷന്‍ ജീവനക്കാര്‍ വീടുകള്‍ തിരിച്ചറിയാന്‍ വേണ്ടി ചെയ്തതാവാം ഇതെന്ന വാദവുമുണ്ട്. മാലിന്യം ശേഖരിക്കാനുളള സംഘമാവാം ഇത് ചെയ്തതെന്നാണ് ചിലരുടെ വാദം. എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് കമ്മീഷണര്‍ കെ.എൽ.എന്‍​.റാവു പറഞ്ഞു.

ഗുജറാത്തില്‍ രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 9നാണ് ആദ്യഘട്ടം. 14ന് രണ്ടാം ഘട്ടവും നടക്കും. ഡിസംബര്‍ 18നാണ് ഗുജറാത്തിലേയും ഹിമാചല്‍ പ്രദേശിലേയും തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ