ബെയ്ജിങ്: കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിലെ വുഹാനിലെ ചെമ്മീൻ കച്ചവടക്കാരിയാണ് ലോകത്തെ ആദ്യ കൊറോണ രോഗിയെന്ന് മാധ്യമ റിപ്പോർട്ട്. വുഹാനിലെ ഹുവാനൻ മത്സ്യ മാർക്കറ്റിലെ കച്ചവടക്കാരിയായ വൈ ഗുയ്ഷിയാനിലാണ് ആദ്യമായി വൈറസ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2019 ഡിസംബറിലായിരുന്നു ഇത്. ജനുവരിയിൽ ഇവർക്ക് രോഗം ഭേദമായി.

അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേർണലാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ജലദോഷം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുമായാണ് ഇവർ 2019 ഡിസംബർ 10ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.

Read More: ആ കാണുന്നത് ഞങ്ങടെ കലക്ടറും എംഎൽഎയുമാണ്; കൈയടിക്കടാ

തനിക്ക് സാധാരണ പനിയാണെന്ന് കരുതിയ വൈ ചികിത്സയ്ക്കായി ഒരു പ്രാദേശിക ക്ലിനിക്കിൽ പോകുകയും അവിടെ നിന്നും കുത്തിവയ്പ് നൽകിയതായും മിറർ യുകെ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അസുഖം ഭേദമാകാതിരിക്കുകയും തളർച്ച തോന്നുകയും ചെയ്തപ്പോൾ വൈ വുഹാനിലെ ‘ഇലവൻത് ഹോസ്പിറ്റലി’ൽ ചികിത്സ തേടി. തുടർന്ന് ഡിസംബർ 16ന് ഇവർ വുഹാനിലെ ഏറ്റവുമധികം സൗകര്യങ്ങളുള്ള വുഹാൻ യൂണിയൻ ആശുപത്രിയിൽ പോയി.

അവിടെ വച്ച് തന്റെ അസുഖം ഗുരുതരമാണെന്നും വുഹാൻ മാർക്കറ്റിലെ നിരവധി പേർ ഇതേ അസുഖത്തിന് ചികിത്സ തേടി എത്തിയിരുന്നുവെന്നും ആശുപത്രി അധികൃതർ വൈയോട് പറഞ്ഞു.

പിന്നീടാണ് വുഹാനിലെ സമുദ്രോത്പന്ന മാർക്കറ്റാണ് രോഗത്തിന്റെ പ്രഭവകേന്ദ്രം എന്ന് ഡോക്ടർമാർ നിഗമനത്തിലെത്തിയത്. ഇതേതുടർന്ന് ഡിസംബർ അവസാനത്തോടെ വൈയെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഈ മാർക്കറ്റ് അടച്ചു പൂട്ടുകയും ചെയ്തു.

ജനുവരിയിൽ വെയ് ആരോഗ്യം വീണ്ടെടുത്തു. തനിക്ക് അണുബാധയുണ്ടായത് മാര്‍ക്കറ്റിലെ പൊതു ശൗചാലയത്തില്‍നിന്നാണെന്നാണ് കരുതുന്നതെന്നാണ് ഇവര്‍ പറയുന്നത്. താനുമായി സമ്പർക്കം പുലർത്തിയ മാർക്കറ്റിലെ മറ്റ് ആളുകൾക്കും രോഗം പിടിപെട്ടതായി വൈ പറയുന്നു.

വുഹാനിൽ ആദ്യം ചികിത്സ തേടിയെത്തിയ 27 പേരിൽ വൈയും ഉൾപ്പെട്ടിട്ടുള്ളതായി വുഹാൻ മുനിസിപ്പൽ ആരോഗ്യകമ്മിഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ വൈയുൾപ്പെടെ 24 പേരാണ് മാർക്കറ്റുമായി നേരിട്ടുബന്ധമുള്ളവർ. എന്നാൽ, രോഗം ബാധിച്ച ആദ്യത്തെ വ്യക്തി ഇവരാണെന്നുപറയാനാവില്ലെന്നും റിപ്പോർട്ടിലുണ്ട്.

സർക്കാർ നേരത്തേ ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ മരണ സംഖ്യ കുറയ്ക്കാമായിരുന്നുവെന്ന് വൈ പറയുന്നു.

Read in English: Wuhan shrimp seller identified as coronavirus ‘patient zero’: Report

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook