കോഴിക്കോട്: കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസുകളില്‍ വധശിക്ഷ നടപ്പാക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് പ്രമുഖ എഴുത്തുകാരി തസ്ലിമ നസ്റിന്‍. സമൂഹത്തെ മാറ്റിയെടുക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടതെന്നും മനുഷ്യത്വമാണ് ഇപ്പോഴത്തെ തന്‍റെ മതമെന്നും തസ്ലിമ കോഴിക്കോട് പറഞ്ഞു. ‘സ്പ്‌ളിറ്റ് എ ലൈഫ്’ എന്ന പുസ്തകത്തിന്‍റെ പുതിയ പതിപ്പിന്‍റെ പ്രകാശന ചടങ്ങിനെത്തിയതായിരുന്നു തസ്ലീമ നസ്‌റിന്‍.

പുസ്തക പ്രകാശനത്തെ തുടര്‍ന്ന് സാഹിത്യകാരന്‍ ടി പി രാജീവനുമായി നടന്ന മുഖാമുഖം പരിപാടിയിലായിരുന്നു തസ്ലീമ തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്. മതപരമായ കാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന രാജ്യങ്ങളില്‍ ബലാത്സംഗങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇത് വിരോധാഭാസമാണെന്നും, എന്നാല്‍ താന്‍ വധശിക്ഷയോട് യോജിക്കുന്നില്ലെന്നും തസ്ലീമ പറഞ്ഞു.

സമൂഹമാണ് പീഡകവീരന്മാരെ സൃഷ്ടിക്കുന്നത്. മനുഷ്യത്വമാകണം എല്ലാവരുടെയും മതംമെന്നും തസ്ലീമ വ്യക്തമാക്കി.

“ഞാന്‍ വധശിക്ഷയില്‍ വിശ്വസിക്കുന്നില്ല. എല്ലാവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നാണ് എന്‍റെ വിശ്വാസം. മനുഷ്യര്‍ക്ക് നന്നാകാന്‍ സാധിക്കും. നല്ല മനുഷ്യരായി മാറാനുള്ള അവസരം അവര്‍ക്ക് നല്‍കണം,” എന്നു പറഞ്ഞ തസ്ലീമ, കൊച്ചുകുട്ടികളെ പോലും ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുകയല്ല, മറിച്ച് സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കുകയാണ് വേണ്ടതെന്നും, ബലാത്സംഗവും ലൈംഗികതയും തമ്മില്‍ ബന്ധമില്ല, അത് ആണത്തത്തിന്‍റെ അധികാരപ്രയോഗം മാത്രമാണെന്ന് പഠിപ്പിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു.

രാജ്യങ്ങളുടെ അതിര്‍ത്തികളില്‍ വിശ്വാസമില്ല. മറ്റെവിടെയും കിട്ടുന്നതിനെക്കാള്‍ സ്‌നേഹവും ആദരവും ഇന്ത്യയില്‍ ലഭിക്കുന്നുണ്ട്. അതു കൊണ്ടാണ് ഇന്ത്യയെ സ്‌നേഹിക്കുന്നതെന്നും തസ്ലിമ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ