ന്യൂഡൽഹി: ലൈംഗികാരോപണത്തിൽ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷനെതിരെ കേസെടുത്തെങ്കിലും പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് ഗുസ്തി താരങ്ങൾ. ഇത് തങ്ങളുടെ വിജയത്തിന്റെ ആദ്യ പടിയാണെന്നും സിങ്ങിനെ അറസ്റ്റ് ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്നും ഒളിംപിക് മെഡൽ ജേതാവ് സാക്ഷി മാലിക് പറഞ്ഞു.
എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനു വേണ്ടിയല്ല ഈ പോരാട്ടം. ഈ പോരാട്ടം നീതി ലഭിക്കുന്നതിനും, സിങ്ങിനെ ശിക്ഷിക്കുന്നതിനും, ജയിലിൽ അടക്കുന്നതിനും, അയാൾ ഇപ്പോൾ വഹിക്കുന്ന പദവികളിൽനിന്നെല്ലാം നീക്കുന്നതിനും വേണ്ടിയാണെന്ന് ലോക ചാമ്പ്യൻഷിപ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഡൽഹി പൊലീസിൽ തങ്ങൾക്കുള്ള വിശ്വാസം നഷ്ടമായെന്നും ഫോഗട്ട് പറഞ്ഞു. ”സുപ്രീം കോടതിക്കു മുൻപാകെ മാത്രമേ ഞങ്ങൾ തെളിവുകൾ ഹാജരാക്കൂ. ഒരു കമ്മിറ്റിക്കു മുൻപാകെയോ ഡൽഹി പൊലീസിനോ തെളിവുകൾ കൈമാറില്ല. ഡൽഹി പൊലീസിൽ ഞങ്ങൾക്ക് യാതൊരു വിശ്വാസവുമില്ല.ആറു ദിവസമായി ഞങ്ങൾ ഇവിടെ പ്രതിഷേധിക്കുന്നു, ഒരു എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തില്ല,” ഫോഗട്ട് പറഞ്ഞു.
ഇന്നലെയാണ് ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്തത്. കേസ് എടുക്കാനാവില്ലെന്നും അതിനു മുൻപ് പ്രാഥമിക അന്വേഷണം നടത്തണമെന്നുമായിരുന്നു ഡൽഹി പൊലീസിന്റെ ആദ്യ നിലപാട്. തുടർന്നാണ് 7 വനിതാ ഗുസ്തി താരങ്ങൾ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഇന്നലെ ഹർജി പരിഗണിച്ചപ്പോഴാണ് കേസ് രജിസ്റ്റ്ർ ചെയ്യാമെന്നു ഡൽഹി പൊലീസ് കോടതിയെ അറിയിച്ചത്.