ന്യൂഡല്‍ഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യ(ഡബ്ല്യുഎഫ്ഐ) പ്രസിഡന്റ് ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിനെതിരെ ലൈംഗിക ആരോപണവുമായി ഇന്ത്യന്‍ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കും. ദേശീയ ക്യാമ്പുകളില്‍ പങ്കെടുത്ത വനിത താരങ്ങളെ ബ്രിജ്ഭൂഷണ് ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് താരങ്ങളുടെ ആരോപണം.
”ദേശീയ ക്യാമ്പുകളില്‍ വനിതാ ഗുസ്തി താരങ്ങളെ പരിശീലകരും ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങും ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്. ദേശീയ ക്യാമ്പുകളില്‍ നിയമിതരായ ചില പരിശീലകര്‍ വര്‍ഷങ്ങളായി വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കുന്നുണ്ട്. ഡബ്ല്യുഎഫ്ഐ പ്രസിഡന്റും ലൈംഗിക പീഡനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്,” വിനേഷ് ഫോഗട്ട് ആരോപിച്ചു. ദേശീയ ക്യാമ്പുകളില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ച് നിരവധി യുവ ഗുസ്തി താരങ്ങള്‍ തന്നോട് പരാതിപ്പെട്ടിട്ടുണ്ട്. തനിക്കറിയാവുന്ന 20 പെണ്‍കുട്ടികളെങ്കിലും ദേശീയ ക്യാമ്പില്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ടെന്നും വിനേഷ് ഫോഗട്ട് ആരോപിച്ചു. ഇന്ന് ഞാന്‍ ഇത് പറഞ്ഞു, നാളെ ഞാന്‍ ജീവിച്ചിരിക്കുമോ എന്ന് എനിക്കറിയില്ല. ഡബ്ല്യുഎഫ്ഐയുടെ തലപ്പത്തിരിക്കുന്നവര്‍ വളരെ ശക്തരാണെന്നും താരം പറഞ്ഞു.
അതേസമയം തനിക്കെതിരായ ആരോപണങ്ങളില്‍ ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് ബ്രിജ് ഭൂഷണ് നിഷേധിച്ചു. ”ഡബ്ല്യുഎഫ്ഐ ഒരു ഗുസ്തി താരത്തെ ലൈംഗികമായി ഉപദ്രവിച്ചതായി വ്യക്തിപരമായി ആരെങ്കിലും പറയുന്നുണ്ടോ? വിനീഷ് മാത്രമേ പറഞ്ഞിട്ടുള്ളൂ. തങ്ങള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പറഞ്ഞ് വ്യക്തിപരമായി ആരെങ്കിലും മുന്നോട്ട് വന്നിട്ടുണ്ടോ? ഒരു ഗുസ്തി താരം മുന്നോട്ട് വന്ന് താന്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്ന് പറഞ്ഞാല്‍ പോലും, അന്ന് എന്നെ തൂക്കിലേറ്റാം.’ അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ മുന്‍നിര ഗുസ്തിക്കാരായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, സംഗീതാ ഫോഗട്ട്, ബജ്റംഗ്, സോനം മാലിക്, അന്‍ഷു എന്നിവര്‍ ഡബ്ല്യുഎഫ്ഐക്കെതിരെയുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ജന്തര്‍ മന്ദറില്‍ പ്രതിഷേധ പ്രകടനം നടത്തി. ഞങ്ങളുടെ പ്രതിഷേധം ഫെഡറേഷനെതിരെയും ഗുസ്തി താരങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന രീതിക്കെതിരെയുമാണ്. ഇതിന് ഒരു തരത്തിലുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളോടെയല്ല. ഞങ്ങള്‍ രാഷ്ട്രീയക്കാരെയൊന്നും ഇവിടേക്ക് ക്ഷണിച്ചിട്ടില്ല. ഇത് തികച്ചും ഗുസ്തി താരങ്ങളുടെ പ്രതിഷേധമാണ്,” ജന്തര്‍ മന്തറില്‍ പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പ് താരങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.