ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നൽകിയ ഏഴ് വനിതാ ഗുസ്തി താരങ്ങളെ ഭീഷണിപ്പെടുത്തുകയും പരാതി പിൻവലിക്കാൻ പണം വാഗ്‌ദാനം ചെയ്യുന്നതായും ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളുടെ ആരോപണം. പരാതിക്കാർക്കുനേരെ ഭീഷണി ഉണ്ടെന്ന് രണ്ട് തവണ ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവായ വിനേഷ് ഫോഗട്ട് പറഞ്ഞു. അതേസമയം, ജന്തർ മന്തറിൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധം മൂന്നാം ദിനവും തുടരുകയാണ്.
പരാതിക്കാരിൽ ഒരാളായ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കുടുംബത്തെ സിങ്ങിന്റെ സംഘം ഭീഷണിപ്പെടുത്തിയതായി ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് ബജ്‌രംഗ് പൂനിയ ആരോപിച്ചു. ”പ്രായപൂർത്തിയാകാത്ത ഇരയെ അവർ ഭീഷണിപ്പെടുത്തുകയാണ്. പരാതി പിൻവലിക്കാൻ കുടുംബത്തിനുമേൽ സമ്മർദമുണ്ട്. അവരെ ഭീഷണിപ്പെടുത്തുന്നവരിൽ ഒരാൾ ദ്രോണാചാര്യ അവാർഡ് ജേതാവായ പരിശീലകനും മറ്റൊരാൾ ഹരിയാന റെസ്‌ലിംഗ് അസോസിയേഷന്റെ സെക്രട്ടറിയുമാണെന്ന് ഞങ്ങൾ മനസിലാക്കിയിട്ടുണ്ട്. അവർ പെൺകുട്ടിയുടെ വീട്ടിൽ ചെന്ന് കുടുംബാംഗങ്ങൾക്കുമേൽ സമ്മർദം ചെലുത്തുകയും പണം വാഗ്‌ദാനം ചെയ്യുകയും ചെയ്തു. അവൾ പരാതി പിൻവലിക്കണമെന്നാണ് അവരുടെ ആവശ്യം. ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റിനെതിരെ പരാതി നൽകിയ മറ്റു പെൺകുട്ടികളെയും ഭീഷണിപ്പെടുത്തുന്നുണ്ട്,” ബജ്‌രംഗ് പറഞ്ഞു.
ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ചയാണ് പരാതികൾ നൽകിയിരിക്കുന്നത്. 2012 മുതൽ 2022 വരെ ലൈംഗിക പീഡനത്തിന്റെ ഒന്നിലധികം സംഭവങ്ങൾ ഗുസ്തി താരങ്ങൾ പരാതിയിൽ പറഞ്ഞിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ പരാതികൾ നൽകിയ ഇരകളുടെ പേരുകൾ ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റിന് ലഭിച്ചുവെന്ന് വിനേഷ് പറഞ്ഞു.
”ഒരു പെൺകുട്ടി ലൈംഗികാതിക്രമം നേരിട്ടതായി പരാതി നൽകിയാൽ പൊലീസ് എന്താണ് ചെയ്യുക?. എഫ്ഐആർ രജിസ്റ്റർ ചെയ്യണം, പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യണം. എന്നാൽ, പൊലീസ് എന്തുകൊണ്ടാണ് ഈ അടിസ്ഥാനകാര്യങ്ങൾ ഇതുവരെ ചെയ്യാത്തത്? ഇപ്പോൾ പരാതിക്കാരെ ഭീഷണിപ്പെടുത്തുകയും കേസ് പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയാണ്,” വിനേഷ് പറഞ്ഞു.

ജനുവരിയിൽ വൈകീട്ട് വരെ പ്രതിഷേധത്തിൽ പങ്കെടുത്തശേഷം പിറ്റേന്ന് രാവിലെ തിരിച്ചെത്തിയതിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ റിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക് ഉൾപ്പെടെയുള്ള ഗുസ്തിക്കാർ രാത്രി മുഴുവൻ ജന്തർ മന്തറിൽ ചെലവഴിക്കുന്നു. ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ കായിക മന്ത്രാലയം നിയോഗിച്ച മേൽനോട്ട സമിതിയിൽ തങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടതായി പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ പറഞ്ഞു.
ഫെബ്രുവരി അവസാനത്തോടെ ഒരു മാസത്തെ സമയപരിധി അവസാനിച്ചിട്ടും ബോക്‌സിങ് ഇതിഹാസം മേരി കോമിന്റെ നേതൃത്വത്തിലുള്ള മേൽനോട്ട സമിതിയുടെ റിപ്പോർട്ട് പരസ്യമാക്കിയിട്ടില്ല. മേൽനോട്ട സമിതിയുടെ പ്രധാന കണ്ടെത്തലുകൾ കഴിഞ്ഞ തിങ്കളാഴ്ച സർക്കാർ പരസ്യപ്പടുത്തിയെങ്കിലും ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റിനെതിരായ ആരോപണങ്ങളിൽ മൗനം പാലിച്ചു.
രാഷ്ട്രീയ നേതാക്കളിൽനിന്നും വനിതാ സംഘടനകളിൽനിന്നും പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ പിന്തുണ തേടിയിട്ടുണ്ട്. ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ നേതാവും മുൻ രാജ്യസഭാ എംപിയുമായ ബൃന്ദ കാരാട്ട്, ആം ആദ്മി പാർട്ടി വക്താവ് റീന ഗുപ്ത എന്നിവർ പ്രതിഷേധക്കാരെ കണ്ടിരുന്നു.

”സ്‌റ്റേഡിയത്തിലുണ്ടാകേണ്ട കായികതാരങ്ങളെ ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ നിർബന്ധിതരാക്കുന്നത് എന്താണെന്നതാണ് ചോദ്യം. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണം. കായികതാരങ്ങൾക്ക് നീതി ലഭിക്കണം, എന്റെ പൂർണ പിന്തുണ അവർക്കൊപ്പമുണ്ട്,” ഹൂഡ ട്വീറ്റ് ചെയ്തു.
കർഷക സമരങ്ങളിൽ പങ്കെടുത്ത ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രാദേശിക നേതാക്കളും നൂറുകണക്കിന് അനുയായികളും അടുത്ത ഏതാനും ദിവസങ്ങളിൽ ജന്തർ മന്തറിലേക്ക് എത്തുമെന്ന വാഗ്ദാനവുമായി മുന്നോട്ടുവന്നിട്ടുണ്ട്.