ന്യൂഡൽഹി: മലയാളി ഉള്‍പ്പെടെ രണ്ട് പൈലറ്റുമായി ചൈനാ അതിര്‍ത്തിക്ക് സമീപം കാണാതായ വ്യോമസേനയുടെ സുഖോയ്-30 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഉള്‍വനത്തില്‍ നിന്നാണ് വിമാനഭാഗം കണ്ടെത്തിയത്. അതേസമയം, വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പൈലറ്റുമാർ ജീവനോടെ ഉണ്ടാകാനാണ് സാധ്യത എന്നാണ് എയർ ഫോഴ്സ് വൃത്തങ്ങൾ പറയുന്നത്. പ്രതീകൂലമായ കാലാവസ്ഥ തിരച്ചിലിന്റെ വേഗത കുറച്ചിട്ടുണ്ട് എന്നും വ്യോമസേന വൃത്തങ്ങൾ പറഞ്ഞു.

കഴിഞ്ഞ ദിവസം അസമിൽ കാണാതായ വ്യോമസേനയുടെ വിമാനത്തിൽ രണ്ടു പൈലറ്റുകളാണുണ്ടായിരുന്നത്. കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂർകുളം സ്വദേശിയായ അച്ചുദേവ് (25) ആണ് വിമാനം പറത്തിയിരുന്നത്. ഉത്തരേന്ത്യക്കാരനായ സ്‌ക്വാഡ്രന്‍ ലീഡറാണ് കാണാതായ മറ്റൊരു പൈലറ്റ്. തേസ്പൂരില്‍ നിന്നും പുറപ്പെട്ട വിമാനവുമായുള്ള റഡാര്‍ ബന്ധം നഷ്ടമായിരുന്നു. വനപ്രദേശത്ത് അപ്രത്യക്ഷമായ വിമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈന്യം.

അച്ചുദേവിനെ കാണാനില്ലെന്ന് അറിഞ്ഞതോടെ രക്ഷിതാക്കൾ അസമിലേക്ക് തിരിച്ചിട്ടുണ്ട്. പന്നിയൂർകുളം വള്ളിക്കുന്ന് പറമ്പിൽ സഹദേവന്റെയും ജയശ്രീയുടെയും മകനാണ് അച്ചുദേവ്. ഇവർ തിരുവനന്തപുരത്താണ് സ്ഥിരതാമസം.

ചൈന അതിര്‍ത്തിക്ക് സമീപത്ത് വെച്ചാണ് റഡാര്‍ ബന്ധം നഷ്ടപ്പെട്ടതെന്നാണ് വിവരം. മാര്‍ച്ചില്‍ സുഖോയ്-30എംകെഐ ജെറ്റ് വിമാനം രാജസ്ഥാനിലെ ബര്‍മറില്‍ തകര്‍ന്ന് വീണിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ