വാഷിങ്ടണ്‍: അേരിക്കന്‍ മുന്‍ പ്രസിഡന്റും ഭര്‍ത്താവുമായ ബരാക് ഒബാമയ്ക്ക് എതിരായ പരാമര്‍ശത്തില്‍ ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി മിഷേല്‍ ഒബാമ രംഗത്ത്. ഒബാമ ജനിച്ചത് അമേരിക്കയില്‍ അല്ലെന്ന ട്രംപിന്റെ പരാമര്‍ശം വിദ്വേഷം പരത്തുന്നതാണെന്ന് മിഷേല്‍ ഓര്‍മ്മക്കുറിപ്പായി പുറത്തിറക്കുന്ന പുസ്തകത്തില്‍ പറയുന്നു. ഭര്‍ത്താവിനെതിരായ പരാമര്‍ശത്തില്‍ ട്രംപിനോട് ഒരിക്കലും പൊറുക്കില്ലെന്നും മിഷേല്‍ വ്യക്തമാക്കി.

‘മറ്റ് രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കെതിരെ ഒളിപ്പിച്ച് കടത്തുന്ന വിദ്വേഷ പരാമര്‍ശമാണ് ട്രംപ് നടത്തിയത്. ജനങ്ങളെ ഇളക്കി വിടാനുളള അപകടകരമായ വാക്കുകളാണത്. മനസ്സ് അചഞ്ചലമായ ഒരാള്‍ നാളെ തോക്കുമെടുത്ത് വാഷിങ്ടണിലേക്ക് വന്നാല്‍ ഞങ്ങളെന്ത് ചെയ്യും? ഞങ്ങളുടെ പെണ്‍കുട്ടികളെ അയാള്‍ ലക്ഷ്യമിട്ടാല്‍ എന്ത് ചെയ്യാന്‍ പറ്റും? ഡോണള്‍ഡ് ട്രംപ് അദ്ദേഹത്തിന്റെ വീണ്ടുവിചാരമില്ലാത്ത വാക്കുകളിലൂടെ എന്റെ കുടുംബത്തിന്റെ സുരക്ഷയാണ് അപകടത്തിലാക്കുന്നത്. അത്കൊണ്ട് തന്നെ ട്രംപിനോട് ഒരിക്കലും പൊറുക്കാന്‍ കഴിയില്ല,’ മിഷേല്‍ വ്യക്തമാക്കി.

നവംബര്‍ 13നാണ് പുസ്തകം പുറത്തിറക്കുന്നത്. ഷിക്കാഗോയിലെ ആദ്യകാല ജീവിതം മുതല്‍ അമേരിക്കയുടെ പ്രഥമ വനിതയായി മാറുന്നത് വരെയുളള അനുഭവങ്ങള്‍ പുസ്തകത്തില്‍ മിഷേല്‍ കുറിക്കുന്നുണ്ട്. 2016ല്‍ ട്രംപ് തിരഞ്ഞെടുക്കപ്പെട്ട തിരഞ്ഞെടുപ്പിലെ അനുഭവങ്ങളും മിഷേല്‍ എഴുതുന്നു. നേരത്തേ കുടുംബത്തിനെതിരായ ട്രംപിന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കാന്‍ മടിച്ചയാളാണ് മിഷേല്‍. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു ഒബാമ അമേരിക്കയില്‍ ജനിച്ചതല്ലെന്ന പരാമര്‍ശം ട്രംപ് നടത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ