ഇസ്ലാമാബാദ്: ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒരു ടിവി സംവാദം നടത്താന്‍ ആഗ്രഹിക്കുന്നതായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
മോസ്കോ സന്ദര്‍ശനത്തിനിടെ റഷ്യയുടെ സര്‍ക്കാര്‍ ചാനലായ ആര്‍ടിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം സൂചിപ്പിച്ചത്. രണ്ട് ദശാബ്ദത്തിനിടയിലെ ഒരു പാക് പ്രധാനമന്ത്രിയുടെ ആദ്യ റഷ്യ സന്ദര്‍ശനം കൂടിയാണിത്.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കഴിഞ്ഞാൽ ഉപഭൂഖണ്ഡത്തിലെ നൂറുകോടിയിലേറെ വരുന്ന ജനങ്ങൾക്ക് അത് ഉപകാരപ്രദമായിരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
2018 ൽ തന്റെ പാർട്ടി പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് അധികാരത്തിൽ വന്നപ്പോൾ തന്നെ കാശ്മീര്‍ വിഷയം പരിഹരിക്കാനുള്ള നടപടികളിലേക്ക് കടന്നെന്നും ചര്‍ച്ചയ്ക്കായി ഇന്ത്യയിലെ നേതൃത്വത്തെ ക്ഷണിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണമുണ്ടാകാത്തതില്‍ പാക് പ്രധാനമന്ത്രി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
2016 ലെ പത്താൻകോട്ട് ഭീകരാക്രമണിത്തിന് ശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. ഉറിയിലെ ഇന്ത്യൻ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണവും തുടർന്നുള്ള ആക്രമണങ്ങളും അകല്‍ച്ച വര്‍ധിപ്പിച്ചു.
40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിന് കാരണമായ പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി 2019 ഫെബ്രുവരി 26 ന് ഇന്ത്യ പാക്കിസ്ഥാനിലെ ജയ്‌ഷെ മുഹമ്മദ് ഭീകര പരിശീലന ക്യാമ്പ് തകർത്തതോടെ ബന്ധം പിന്നെയും വഷളായി.
2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരങ്ങൾ ഒഴിവാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ഇന്ത്യ വിഭജിച്ചതും ഭിന്നത രൂക്ഷമാകുന്നതിനുള്ള കാരണമായിരുന്നു.
ജമ്മു കശ്മീർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമായി തുടരുമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇത് അംഗീകരിക്കാനും ഇന്ത്യാ വിരുദ്ധ കുപ്രചരണങ്ങളെല്ലാം അവസാനിപ്പിക്കാനും പാകിസ്ഥാന് ഉപദേശം നല്‍കുകയും ചെയ്തു.