ന്യൂഡൽഹി: കോൺഗ്രസിന്റെ ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത രാഹുൽ ഗാന്ധി, പാർട്ടിയിൽ യുവ നേതൃ നിരയെ അണിനിരത്താനുള്ള തന്റെ നയം വ്യക്തമാക്കി. നാഷണൽ ഹെറാൾഡ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസിൽ നടപ്പിലാക്കാൻ പോകുന്ന ദിശാമാറ്റത്തെ കുറിച്ച് അധ്യക്ഷൻ വ്യക്തമാക്കിയത്.

“ഊർജ്ജ്വസ്വലരും കർമ്മ നിരതരുമായ യുവാക്കളായ പുതിയ ആളുകളെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. എന്നാൽ പരിചയ സമ്പത്തുള്ളവരും പ്രായമേറിയവരും ഇനി പാർട്ടിയിൽ ആവശ്യമില്ല എന്ന അർത്ഥം ഇതിനില്ല”, രാഹുൽ ഗാന്ധി പറഞ്ഞു.

“ജനങ്ങളെ വിഭജിച്ച് ഭരിക്കുകയാണ് ബിജെപി. കോൺഗ്രസ് യഥാർത്ഥ ഇന്ത്യൻ ദേശീയതയിലേക്ക് വീണ്ടും ജനങ്ങളെ ഒന്നിപ്പിച്ച് കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം ഉണ്ട്”, അദ്ദേഹം പറഞ്ഞു. “ഗുജറാത്തിൽ സർദാർ പട്ടേലും നെഹ്റുവും തമ്മിൽ കടുത്ത ഭിന്നതയുണ്ടായിരുന്നുവെന്നാണ് ബിജെപി കാലങ്ങളായി പ്രചരിച്ച് പോന്നിരുന്നത്. അത് തെറ്റാണ്. അവർ ഇരുവരും മിത്രങ്ങളായിരുന്നു. ഒരുമിച്ച് ജയിലിൽ കഴിഞ്ഞവരാണ്. ആർഎസ്എസിനെ കടുത്ത രീതിയിൽ വിമർശിച്ചവരാണ് ഇരുവരും”, കോൺഗ്രസ് അധ്യക്ഷൻ ചൂണ്ടിക്കാട്ടി.

പാർട്ടിയിൽ മാറ്റം വേണമെന്ന ശക്തമായ ആവശ്യം എല്ലായിടത്ത് നിന്നും ഉയരുന്നുണ്ട്. ജനാധിപത്യം പുനഃസ്ഥാപിക്കാനാണ് തന്റെ ആദ്യ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ പാർലമെന്റ് അംഗങ്ങൾ, മുതിർന്ന നേതാക്കൾ, മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കൾ എന്നിവർക്ക് കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ വിരുന്ന് നൽകിയിരുന്നു. ശീതകാല സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷ പാർട്ടികൾ ആയുധം തിരയുന്ന സമയത്താണ് വിരുന്ന് നടന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook