ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി മോശമായി പരാമര്‍ശിച്ചതിനെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വസ്ത്രങ്ങളില്‍ നിന്നു തിരിച്ചറിയാം എന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെ ചന്ദ്രശേഖര്‍ ആസാദ് എതിര്‍ത്തു.

ഇങ്ങനെയൊരു പരാമര്‍ശം നടത്തിയ പ്രധാനമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ അത് നാണക്കേട് ആകുമെന്നും ആസാദ് പറഞ്ഞു. മതത്തിനും വർഗത്തിനും ജാതിക്കും അതീതമാണ് മനുഷ്യത്വമെന്നും ആസാദ് പറഞ്ഞു. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെ പേരിൽ ഏതെങ്കിലും മനുഷ്യരെ മാറ്റിനിർത്തിയാൽ അത് ഭരണഘടനയെ നശിപ്പിക്കുന്നതിനു തുല്യമാണെന്ന് ഭീം ആർമി നേതാവ് പറഞ്ഞു.

Read Also: സാംപയ്‌ക്ക് കോഹ്‌ലി ‘പ്രേമം’; ഇന്ത്യൻ നായകന് തലവേദന

“ഭരണഘടനയ്‌ക്കെതിരായി ഞാൻ ഒന്നും ചെയ്യില്ല. ഇന്ത്യൻ പ്രധാനമന്ത്രിയെ ഞാൻ ബഹുമാനിക്കുന്നു. കാരണം, അതൊരു ഭരണഘടനാ പദവിയാണ്. ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രിയോട് ഞാൻ അപേക്ഷിക്കുകയാണ്. ഞാൻ ജനങ്ങളുടെ സേവകനാണ് എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ, അദ്ദേഹം ജനങ്ങളുടെ പ്രശ്‌നങ്ങൾ ശ്രദ്ധിക്കുന്നില്ല” ആസാദ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമം കരിനിയമമാണെന്നും രാഷ്ട്രീയ അജൻഡയുടെ ഭാഗമാണിതെന്നും ആസാദ് വ്യക്തമാക്കി.

ആസാദിന്റെ സംഘടനയായ ഭീം ആർമി പൊലീസിന്റെ അനുമതിയില്ലാതെ ജമാ മസ്ജിദിൽനിന്ന് ജന്തർ മന്ദറിലേക്ക് മാർച്ച് നടത്തിയതിനെ തുടർന്ന് ചന്ദ്രശേഖർ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പിന്നീട് കഴിഞ്ഞ ദിവസമാണ് ആസാദിന് ജാമ്യം ലഭിച്ചത്. ഒരു മാസം ഡൽഹിയിലും ഉത്തർപ്രദേശിലും പ്രവേശിക്കരുത്, ഈ കാലയളവിൽ ധർണകളിൽ പങ്കെടുക്കരുത് എന്നീ ഉപാധികളോടെയാണു കോടതി ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിലെടുത്ത് മൂന്നാഴ്ചയ്ക്കു ശേഷമാണ് ആസാദിന് ജാമ്യം ലഭിക്കുന്നത്. പ്രധാനമന്ത്രിയെ ആക്രമിക്കരുതെന്നും നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളെ ബഹുമാനിക്കണമെന്നും ചന്ദ്രശേഖർ ആസാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ തീസ് ഹസാരി അഡീഷണൽ സെഷൻസ് ജഡ്ജി കാമിനി ലോ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook