ന്യൂയോർക്: ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വിമാനസർവ്വീസിന്റെ ആദ്യയാത്ര ഗംഭീര വിജയം. ഒരു ദിവസത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തിലേറെ ആകാശത്ത് ചിലവഴിച്ച സിങ്കപ്പൂർ എയർലൈൻസിന്റെ ന്യൂയോർക്കിലേക്കുളള വിമാനമാണ് കന്നിയാത്ര വിജയകരമായി പൂർത്തിയാക്കിയത്.

ഇരുവിമാനത്താവളങ്ങൾക്കുമിടയിലെ 15000 കിലോമീറ്റർ ദൂരം 17 മണിക്കൂറും 52 മിനിറ്റും കൊണ്ടാണ് എയർബസ് എ350-900 അൾട്രാ ലോങ് റേഞ്ച് വിമാനം താണ്ടിയത്. 161 യാത്രക്കാരുമായാണ് വിമാനം സർവ്വീസ് നടത്തിയത്. സിങ്കപ്പൂരിലെ ഷാംഗി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം ന്യൂയോർക്കിലെ ന്യൂവാർക് ലിബാർട്ടി വിമാനത്താവളത്തിൽ പ്രാദേശിക സമയം 5.29 ന് ലാന്റ് ചെയ്തു.

നേരത്തേയുണ്ടായിരുന്ന സർവ്വീസ് അഞ്ച് വർഷം മുൻപാണ് സിങ്കപ്പൂർ എയർലൈൻസ് അവസാനിപ്പിച്ചത്. കുതിച്ചുയർന്ന ഇന്ധനവിലയാണ് വിമാനസർവ്വീസ് അവസാനിപ്പിക്കാൻ കാരണമായത്. 16700 കിലോമീറ്റർ ദൂരം ഒറ്റ ട്രിപ്പിൽ യാത്ര ചെയ്തിരുന്ന സർവ്വീസ് 2013 ലാണ് അവസാനിപ്പിച്ചത്.

ഖത്തർ എയർവേയ്‌സിന്റെ ഓക്‌ലാന്റിൽ നിന്നും ദോഹയിലേക്കുളള ബോയിങ് 777-200 എൽആർ വിമാനമായിരുന്നു ഇതുവരെയുളളതിൽ ഏറ്റവും ദൈർഘ്യമേറിയ വിമാന സർവ്വീസ്. 14535 കിമീ ദൂരം 17 മണിക്കൂറും 40 മിനിറ്റും കൊണ്ടാണ് ഈ വിമാനം താണ്ടിയിരുന്നത്. എന്നാൽ സിങ്കപ്പൂർ എയർലൈൻസിന്റെ വിമാനം ഇന്നലത്തെ സർവ്വീസോടെ ഈ നേട്ടം സ്വന്തം പേരിലാക്കി.

വിമാനത്തിനകത്ത് 67 ബിസിനസ് ക്ലാസ് സീറ്റുകളും 94 പ്രീമിയം ഇക്കോണമി ക്ലാസ് സീറ്റുകളും 67 ഫ്ലാറ്റ് ബെഡ് സീറ്റുകളുമാണ് ഉണ്ടായിരുന്നത്. 1-2-1 എന്ന ക്രമത്തിലാണ് വിമാനത്തിനകത്ത് സീറ്റുകൾ ഒരുക്കിയിരുന്നത്. ഈതേ ഗണത്തിലുളള മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് 24000 ലിറ്റർ അധിക ഇന്ധനം നിറയ്ക്കാനുളള കഴിവാണ് വിമാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

വിമാനത്തിനകത്ത് ഇന്റർനെറ്റും ലഭിക്കും. പക്ഷെ ഇതിന് പ്രത്യേകം പണം നൽകണം. ബിസിനസ് ക്ലാസ് ടിക്കറ്റിൽ 30 എംബി ഡാറ്റ ഫ്രീയാണ്. പിന്നീടുളള ഓരോ 20 എംബിക്കും ആറ് ഡോളറാണ് നിരക്ക്. 200 എംബി ഇന്റർനെറ്റിന് 28 ഡോളർ നൽകണം. സിനിമ കാണാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കായി സിനിമകളുടെ ശേഖരം തന്നെയുണ്ട് വിമാനത്തിൽ. 200 മണിക്കൂറാണ് സിനിമ ശേഖരത്തിലെ ആകെ ദൈർഘ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook