മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഇമാൻ അഹമ്മദിന്റെ ചികിത്സ ഫലം കണ്ട് തുടങ്ങുന്നു. അഞ്ച് ആഴ്‌ച കൊണ്ട് ഇമാന്റെ ശരീര ഭാരം 140 കിലോ കുറഞ്ഞു. ഞായറാ‌ഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയിൽ സെയ്ഫി ആശുപത്രിയിലെ ഡോക്‌ടർമാരാണ് ഇക്കാര്യം അറിയിച്ചത്. 358 കിലോയാണ് ഇമാന്റെ ഇപ്പോഴത്തെ ശരീര ഭാരം. 500 കിലോയുടെ അടുത്ത് ഭാരമാണ് ചികിത്സക്കായി കൊണ്ടുവരുമ്പോൾ ഇമാനുണ്ടായിരുന്നത്. ഈ വർഷം ഫെബ്രുവരി 11നാണ് ഇമാനെ ചികിത്സക്കായി മുംബൈയിലെ ആശുപത്രിയിലെത്തിച്ചത്.

സോഡിയം പ്രോട്ടീൻ പൗഡറും സോയാ മിൽക്കും ചേർത്തുളള ഭക്ഷണമാണ് ഇമാന് ഇപ്പോൾ നൽകി വരുന്നത്. ദിനം പ്രതി 1800 കലോറിയാണ് ഇമാന് ലഭിക്കുന്നത്. എന്നാൽ യൂറിക്ക് ആസിഡിന്റെ നില ഒരു വെല്ലുവിളിയാണ്- ഡോക്‌ടർമാർ പ്രസ്‌താവനയിൽ പറഞ്ഞു. മൂക്കിലൂടെ ട്യൂബിട്ടാണ് ദ്രവരൂപത്തിലുളള ഭക്ഷണം ഇമാന് നൽകുന്നത്.

ഈജിപ്‌തിലെ കെയ്റോ സ്വദേശിയാണ് ഇമാൻ. പതിനൊന്ന് വയസ് മുതലാണ് ഇമാന്റെ ശരീര ഭാരം കൂടി തുടങ്ങിയത്. പിന്നീട് നീണ്ട 25 വർഷം ഫ്ളാറ്റിലായിരുന്നു.

ഏറെ ബുദ്ധിമുട്ടുകൾക്കൊടുവിലാണ് ഭാരം കുറയ്ക്കുന്നതിനുള്ള അതി നൂതന ശസ്ത്രക്രിയകൾക്കായി മുംബൈയിലെ സെയ്ഫി ആശുപത്രിയിൽ ഇമാനെ പ്രവേശിപ്പിച്ചത്.ഈജിപ്ഷ്യൻ കലാകാരന്മാർ രൂപകൽപ്പന ചെയ്ത പ്രത്യേക കട്ടിലിൽ ഈജിപ്തിലെ അലക്സാണ്ട്രിയയിൽ നിന്നാണ് ഇമാനെ മുംബൈയിലെത്തിച്ചത്. ഛത്രപതി ശിവജി ഇന്റർനാഷണൽ ടെർമിനലിന് അകത്ത് ക്രയിനുപയോഗിച്ചാണ് ഇമാനെ പ്രത്യേകം തയാറാക്കിയ ട്രക്കിലേക്ക് കയറ്റിയത്. ഇമാനെ ചികിത്സിക്കാൻ രണ്ടു കോടി രൂപ ചെലവഴിച്ച് ഒരു പ്രത്യേക ബ്ലോക്കും ആശുപത്രി അധികൃതർ പണിതിട്ടുണ്ട്.

ഭാരം കാരണം ഒന്നു എഴുന്നേൽക്കാനോ തിരിഞ്ഞ് കിടക്കാൻ പോലും കഴിയാതിരുന്ന ഇമാന്റെ അവസ്ഥ മെച്ചപ്പെട്ട് വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ