മുംബൈ: നീണ്ട 26 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി ലോകത്തിലെ ആദ്യ ‘വനിതാ സ്പെഷൽ’ ട്രെയിൻ. 1992 മെയ് 5 നു ചർച്ച് ഗേറ്റ് മുതല്‍ ബൊറിവല്ലി വരെയുള്ള വനിതാ യാത്രക്കാര്‍ക്കായി വെസ്റ്റേണ്‍ റെയില്‍വേ തുടങ്ങിയ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസാണ് മെയ് 5 നു 26 വര്‍ഷ സേവനം പൂര്‍ത്തിയാക്കുന്നത്. രണ്ടു സര്‍വീസില്‍ യാത്ര ആരംഭിച്ച ട്രെയിനിനു രാവിലെയും വൈകിട്ടുമായി ഇപ്പോള്‍ ദിവസവും എട്ടു സര്‍വീസാണ് ഉള്ളത്.
“സ്ത്രീകള്‍ക്ക് മാത്രമായുള്ള ട്രെയിന്‍ സര്‍വീസ് ചരിത്രത്തിലെ തന്നെ ഒരു ഏടായി മാറി, വെസ്റ്റേണ്‍ റെയിൽവെ മറ്റുള്ള റെയില്‍വേയ്സിനു ഒരു മാതൃക ആവുകയും ചെയ്തു”, വെസ്റ്റേണ്‍ റെയില്‍വേയുടെ പ്രധാന വക്താവായ രവീന്ദര്‍ ഭകര്‍ പറഞ്ഞു. ചര്‍ച്ച് ഗേറ്റ് മുതല്‍ ബൊറിവല്ലി വരെ ആരംഭിച്ച സര്‍വീസ് പിന്നീടു 1993ല്‍ വിരാര്‍ വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു.
“ദിവസവും ലക്ഷക്കണക്കിന് സ്ത്രീ യാത്രക്കാര്‍ക്ക് അനുഗ്രഹമായ ട്രെയിന്‍ സര്‍വീസ് ലോകത്തിലെതന്നെ സബര്‍ബന്‍ ട്രെയിന്‍ ചരിത്രത്തിലെ നാഴികക്കല്ലാണ്. സ്ത്രീകള്‍ക്ക് മാത്രമായുള്ള സര്‍വീസിലൂടെ ലക്ഷോപലക്ഷം സ്ത്രീകളെ സുരക്ഷിതമായി വീടുകളിലും ജോലി സ്ഥലങ്ങളിലും എത്തിച്ചേര്‍ക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്” അദ്ദേഹം പറഞ്ഞു.
വെസ്റ്റേണ്‍ റെയിൽവെയെ പിന്തുടര്ന്ന് സെന്‍ട്രല്‍ റെയിൽവെയും 1991 ജൂലൈ ഒന്നിനു വനിതാ യാത്രക്കാര്‍ക്ക് പ്രത്യേക സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിരുന്നു. ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിനെയും കല്യാണിനെയും ബന്ധിപ്പിക്കുന്നവ ആയിരുന്നു അത്.
“സ്പെഷല്‍ ട്രെയിനിലെ വനിതാ യാത്രക്കാരെ അനുമോദിക്കുകയും, ട്രെയിന്‍ സര്‍വീസ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ട അഭിപ്രായങ്ങള്‍ ചോദിച്ചറിയുകയും ചെയ്യും” 26 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷങ്ങളെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഭകര്‍ പറഞ്ഞു. സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി സിസിടിവി ക്യാമറ സ്ഥാപിക്കുന്നത് ഉള്‍പ്പെടെ പല പ്രവര്‍ത്തനങ്ങളും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.