scorecardresearch
Latest News

ഇന്ത്യ റെഡ് സോണിൽ, മാധ്യമപ്രവർത്തനം ഇന്ത്യയെക്കാള്‍ സുരക്ഷിതം അഫ്‌ഗാനും പലസ്തീനുമെന്ന് റിപ്പോർട്ട്

ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം സ്വീഡന്‍ ഏറ്റവും സുരക്ഷിതം, ഉത്തര കൊറിയയിലെ മാധ്യമ പ്രവര്‍ത്തകര്‍ ഏത് നിമിഷവും കൊല്ലപ്പെടാം

news paper, media

ഇന്ന്  ഒരു ലോക മാധ്യമ സ്വാതന്ത്ര്യ ദിനം കൂടി പിന്നിടുന്നു. മാധ്യമ പ്രവർത്തകർക്ക് ഒട്ടും ശുഭകരമല്ലാത്ത വാർത്തകളാണ് ഈ മാധ്യമദിനത്തലും പങ്കിടാനുളളത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യപോലും മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ പിന്നാക്കം പോകുന്നതിന്റെ അടയാളപ്പെടുത്തലുകൾ പുറത്തുവരുമ്പോൾ ഏകാധിപത്യ രാജ്യങ്ങളിലെ കാര്യം പറയുകയും വേണ്ട. പക്ഷേ മറ്റ് പല രാജ്യങ്ങളും അസ്വസ്ഥതയിൽ പുകയുമ്പോഴും അവിടങ്ങളിൽ മാധ്യമ സ്വാതന്ത്ര്യം പുലരുന്നുവെന്നത് നാളെയിലേയ്ക്ക് ഒരു പ്രതീക്ഷയുടെ തിരി നീട്ടുന്നുണ്ട്.

1991ലെ യുനെസ്‌കോ ജനറല്‍ കോണ്‍ഫറന്‍സിലെ ശുപാര്‍ശകളുടെ ചുവടുപിടിച്ച് 1993 ലാണ് യുഎന്‍ ജനറല്‍ അസംബ്ലി മെയ് 3 ലോക മാധ്യമ സ്വാതന്ത്ര്യ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ആഗോള തലത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്നുവരുന്ന അതിക്രമങ്ങളെയും മാധ്യമ സ്വാതന്ത്ര്യ ധ്വംസനത്തിനും എതിരെ പൊതു സമൂഹത്തെ ബോധവല്‍ക്കരിക്കുകയും മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുക എന്നതുമാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്.

ആഗോള തലത്തില്‍ സ്വതന്ത്രമാധ്യമ പ്രവര്‍ത്തനത്തിനായി നിലകൊള്ളുന്ന ആര്‍എസ്എഫ് (Reporters Without Borders എന്നതിന്റെ ഫ്രഞ്ച് പരിഭാഷയായ Reporters Sans Frontières – RSF) , ലോക രാജ്യങ്ങളെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ വര്‍ഷവും ക്രോഡീകരിക്കാറുണ്ട്. ലോകത്താകമാനമുള്ള മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും സ്വരൂപിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് നിര്‍ണ്ണയിക്കുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങളെ ഏഴ് ഭാഗങ്ങളായാണ് തരംതിരിക്കുന്നത്. ബഹുസ്വര മാധ്യമ പ്രവര്‍ത്തന സ്വാതന്ത്ര്യം, തൊഴില്‍ സാഹചര്യവും സ്വയം വിലയിരുത്തലും, സര്‍ക്കാര്‍ ഇടപെടല്‍, സുതാര്യത, അടിസ്ഥാന സൗകര്യം, മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരായ അതിക്രമം എന്നിങ്ങനെ. ഇതില്‍ ഒന്നു മുതല്‍ 6 വരെയുള്ള ഘടകങ്ങളെ ഒരു വിഭാഗമായും (Underlying situation score USS)), മാധ്യമ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരായ അതിക്രമങ്ങളും പ്രത്യേകമായുമാണ് പരിഗണിക്കുന്നത് (Abuse Score AS). ഇത് ക്രമസമാധാന നിലയ്ക്കൊപ്പം തന്നെ മറ്റ് ഘടങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്ന റാങ്കിംങ് പുറത്തിറക്കാന്‍ സഹായിക്കുന്നു. ഈ രണ്ടും ഘടകങ്ങളും പരിഗണിച്ചാണ് ഓരോ രാജ്യത്തിന്റെയും ആഗോള സ്‌കോര്‍ പുറത്തിറക്കുന്നത് (Global Score – GS). 0 മുതല്‍ 100 വരെയുള്ള സ്‌കോറില്‍ 0 ഏറ്റവും സുരക്ഷിതമായ സാഹചര്യം സൂചിപ്പിക്കുമ്പോള്‍, 100 എ്ന്നാല്‍ ഏറ്റവും അപകടകരമായ അവസ്ഥയാണ്.

ആര്‍എസ്എഫ് കണക്കുകള്‍ പ്രകാരം, 2017 ല്‍ ഇതുവരെ എട്ട് മാധ്യമപ്രവര്‍ത്തകരാണ് ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ കൊല്ലപ്പെട്ടത്, ഇന്റര്‍നെറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളുപയോഗിച്ച് മാധ്യമ പ്രവര്‍ത്തനം നടത്തുന്ന രണ്ടു പേരും, മാധ്യമ പ്രവര്‍ത്തരെ സഹായിച്ചതിന് ഒരാളും ഈ വര്‍ഷം ഇതുവരെ കൊല്ലപ്പെട്ടു. മെക്‌സിക്കോയിലാണ് ഏറ്റവും അധികം മാധ്യമ പ്രവര്‍ത്തര്‍ കൊല്ലപ്പെട്ടത്, മൂന്നു പേര്‍, ഇറാഖില്‍ രണ്ട് പേര്‍ ഇതിനോടകം കൊല്ലപ്പെട്ടപ്പോള്‍, അഫ്ഗാനിസ്ഥാന്‍, റഷ്യ, സിറിയ എന്നീ രാജ്യങ്ങളില്‍ ഓരോ മാധ്യമ പ്രവര്‍ത്തകര്‍ വീതം തങ്ങളുടെ ജോലിക്ക് വേണ്ടി ജീവന്‍ നഷ്ടപ്പെടുത്തി. 66ഈ വര്‍ഷം ഇതിനോടകം 193 മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകര്‍ വിവധ രാജ്യങ്ങളിലായി ജയിലാലയപ്പോള്‍, 166 സൈബര്‍ മാധ്യമപ്രവര്‍ത്തകരും, 10 സഹായികളും തടവറയ്ക്കുളളിലായി.

ഗ്ലോബല്‍ സ്‌കോറിന്റെ അടിസ്ഥാനത്തില്‍ 180 രാജ്യങ്ങളെ 4 ഭാഗങ്ങളായാണ് തിരച്ചിരിക്കുന്നത്. എറ്റവും സുരക്ഷിതമായ സാഹചര്യങ്ങളുള്ള രാജ്യങ്ങളെ ഇളം മഞ്ഞ, മഞ്ഞ നിറങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു., സാഹചര്യങ്ങള്‍ ഗുരുതരമാകുന്നതിന് അനുസരിച്ച് ഇത് ഓറഞ്ചില്‍ നിന്നും ചുവപ്പിലേക്കും പിന്നീട് കറുപ്പിലേക്കും നീളുന്നു. ഇതില്‍ ചുവപ്പ് സാഹചര്യങ്ങള്‍ ഏറ്റവും ഗുരുതരമെന്ന് സൂചിപ്പിക്കുമ്പോള്‍, മാധ്യമ സ്വാതന്ത്ര്യം തീരെയില്ലാത്ത രാജ്യങ്ങളെയാണ് കറുപ്പില്‍ അടയാളപ്പെടുത്തുന്നത്.

2017 ലെ റാങ്കിംഗ് പ്രകാരം നോര്‍വെയാണ് എറ്റവും സുരക്ഷിതമായ രാജ്യം, 7.60 ആണ് നോര്‍വേയുടെ ഗ്ലോബല്‍ സ്‌കോര്‍ കഴിഞ്ഞ വര്‍ഷം എട്ടാം സ്ഥാനത്തായിരുന്ന സ്വീഡന്‍ ആറ് സ്ഥാനം ഉയര്‍ന്ന് രണ്ടാം സ്ഥാനത്തേക്ക് എത്തിയപ്പോള്‍, കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും സുരക്ഷിത മായ രാജ്യമായിരുന്ന ഫിന്‍ലാന്‍ഡ് മൂന്നാം സ്ഥാനത്തേക്ക് വീണു. ഭൂരിഭാഗം യൂറോപ്യന്‍ രാജ്യങ്ങളും പട്ടികയുടെ ആദ്യ പാദത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 41 ആം സ്ഥാനത്തായിരുന്ന അമേരിക്ക ഈ വര്‍ഷം 43 ലേക്ക് ഇറങ്ങി.

എറ്റവും അപകടകരമായ സാഹചര്യമുള്ള റെഡ് സോണിലാണ് ഇന്ത്യ അടക്കമുള്ള ഒട്ടുമിക്ക ഏഷ്യന്‍ രാജ്യങ്ങളും. കഴിഞ്ഞ ഒരു വര്‍ഷം 42.71 പോയിന്റ് ഉണ്ടായിരുന്ന ഇന്ത്യയുടെ സ്‌കോര്‍ 0.23 ഉയര്‍ന്ന് 42.94 എത്തിയപ്പോള്‍ റാങ്കിംഗ് 133 ല്‍ നിന്നും 136 ലേക്ക് വീണു. എന്നാല്‍ ഇന്ത്യയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പാകിസ്ഥാന്‍ മുന്‍ വര്‍ഷത്തേതില്‍ നിന്ന് എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 139 ലേക്ക് എത്തി. ഗ്ലോബല്‍ സ്‌കോര്‍ 43.55 ഇന്ത്യയുമായുള്ള വത്യാസം 0.61 പോയിന്റ് മാത്രം. അതേസമയം ഇരു രാജ്യങ്ങളുടേയും Abuse Score പരിശേധിച്ചാല്‍ പാകിസ്ഥാനാണ് കൂടുതല്‍ സുരക്ഷിതമായ രാജ്യം, ഇന്ത്യയിലെ Abuse Score 57 ല്‍ നില്‍ക്കുമ്പോള്‍, പാകിസ്ഥാനില്‍ ഇത് 52.20 മാത്രമാണ്. എന്നാല്‍ Underlying Situation Score പരിശേധിച്ചാല്‍ ഇന്ത്യയില്‍ തന്നെയാണ് മെച്ചപ്പട്ട സാഹചര്യങ്ങളുള്ളത്. ഇന്ത്യയിലെ USS 39.42 മാത്രമുള്ളപ്പോള്‍, പാകിസ്ഥാനില്‍ ഇത് 41.39 ആണ്.

തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഇടപെടലാണ് ഇന്ത്യയിലെ മാധ്യമ പ്രവത്തകര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതെന്നാണ് ആര്‍എസ്എഫ് നിരീക്ഷണം. അധികാര കേന്ദ്രങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ ദേശദ്രോഹമായി വ്യാഖ്യാനിക്കപ്പെട്ടതോടെ പല മാധ്യമങ്ങളും പ്രതിരോധത്തിലായി. ചില സര്‍ക്കാരുകള്‍ ഐപിസി 124A ഉപയേഗിച്ചും മാധ്യമ പ്രവര്‍ത്തകരെ അടിച്ചമര്‍ത്തുന്നു. ഇതുവരെ ആരേയും ഇത്തരത്തില്‍ ശിക്ഷിച്ചിട്ടില്ലെങ്കിലും ഈ ഭീഷണി ഇന്നും നിലനില്‍ക്കുന്നതായാണ് ആര്‍എസ്എഫ് നിരീക്ഷിക്കുന്നത്. ഇത് വാര്‍ത്തകളിലെ വസ്തു നിഷ്ഠതയെ ബാധിക്കുന്നു. മാധ്യമങ്ങളിലെ വിദേശ നിക്ഷേപത്തിന് കൊണ്ടു വന്ന നിയന്ത്രണവും ഇന്ത്യന്‍ മാധ്യമങ്ങളെ പിന്നോട്ടടിച്ചു. കശ്മീര്‍ പ്രശ്‌നമടക്കമുള്ള തന്ത്രപ്രധാന വാര്‍ത്തകള്‍ വ്‌സ്തുനിഷ്ഠമായി കൈകാര്യം ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കുന്നില്ലെന്നും ആര്‍എസ്എഫ് വിലയിരുത്തുന്നു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ഒന്നായാണ് പാകിസ്ഥാനെ ആര്‍എസ്എഫ് കണക്കാക്കുന്നത്. എന്നിരുന്നാലും വിഘടന വാദികളും, മതസംഘടനകളും ഇന്റലിജന്‍സ് വിഭാഗങ്ങളുമാണ് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷവും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമങ്ങള്‍ അരങ്ങേറിയിട്ടുണ്ടെങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അതിക്രമങ്ങള്‍ കുറഞ്ഞു വരുന്ന പ്രവണതയാണ് കണ്ടു വരുന്നത്. ഇതാണ് പാകിസ്ഥാന് റാങ്കിങ്ങില്‍ നേട്ടമായത്.

അതേസമയം ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ അഫ്‌ഗാനിസ്ഥാന്‍ 120 ആം സ്ഥാനത്താണ്. കോങ്കോ, നമീബിയ, ഉഗാണ്ട, സാംബിയ തുടങ്ങിയ ഭൂരിഭാഗം ആഫ്രിക്കന്‍ രാജ്യങ്ങളും ഇന്ത്യയെക്കാള്‍ ഉയര്‍ന്ന റാങ്കിങ്ങിലാണ്. മലേഷ്യ, തായ്‌ലാന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ്, മെക്‌സിക്കോ, റഷ്യ, എന്നിവയാണ് റെഡ് സോണില്‍ ഇന്ത്യക്ക് പിന്നിലുള്ള മറ്റ പ്രമുഖ രാജ്യങ്ങള്‍.

മാധ്യമ സ്വാതന്ത്ര്യം തീരെയില്ലാത്ത, ചൈന, ഈജിപ്ത്, സൗദി അറേബ്യ, ക്യൂബ, സിറിയ എന്നീ രാജ്യങ്ങള്‍ ബ്ലാക്ക് സോണില്‍ ഉള്‍പ്പെടുന്നു. കിഴക്കന്‍ ഏഷ്യയില്‍ പോര്‍വിളി മുഴക്കുന്ന കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയയാണ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ളത്. 100 ല്‍ 84.98 ഗ്ലോബല്‍ സ്‌കോറുള്ള ഉത്തര കൊറിയക്ക്, യഥാക്രമം 84.98 ഉം, 51.93 മാണ് Uunder lying Situation, Abuse score എന്നിവ.

അവലംബം: https://rsf.org/en/ranking_table?sort=asc&order=Ranking

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: World press freedom day india in red zone