ഇന്ന് ലോക തൊഴിലാളി ദിനം. തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും ഓർമിപ്പിച്ചു കൊണ്ടാണ് മെയ് ദിനം ലോകമെങ്ങും ആചരിക്കുന്നത്. 1886 ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന ഹേയ് മാര്‍ക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാര്‍ത്ഥമാണ് മെയ് ദിനം ആചരിക്കുന്നതെന്നു കരുതപ്പെടുന്നു. സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേര്‍ക്ക് പോലീസ് നടത്തിയ വെടിവയ്‌പായിരുന്നു ഹേമാര്‍ക്കറ്റ് കൂട്ടക്കൊല. യോഗസ്ഥലത്തേക്ക് ഒരജ്ഞാതന്‍ ബോംബെറിയുകയും, ഇതിനു ശേഷം പൊലീസ് തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയും ആയിരുന്നു.

1904 ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ്, എട്ടുമണിക്കൂര്‍ ജോലിസമയമാക്കിയതിന്റെ വാര്‍ഷികമായി മെയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടാടുവാന്‍ തീരുമാനിച്ചത്. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികള്‍ മെയ് ഒന്നിന് ജോലികള്‍ നിർത്തിവയ്ക്കണമെന്നുള്ള പ്രമേയം യോഗം പാസാക്കി. എട്ടു മണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന മുദ്രാവാക്യമുയര്‍ത്തിയ മെയ് ദിനാചരണത്തിന്റെ 125-ാം വാര്‍ഷികമെന്നെ പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ തൊഴിലാളി ദിനത്തിന്.

1930നു ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നുപോകുന്നത്. അമേരിക്കയിലും യൂറോപ്പിലും തുടങ്ങിയ കൂട്ടപ്പിരിച്ചുവിടലുകളും വേതനം വെട്ടിക്കുറയ്ക്കലും ഇന്ത്യയിലേക്കും പടര്‍ന്നിരിക്കുന്നു. ഇതോടെ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വം മുന്‍പത്തേതിനേക്കാളും അപകടകരമായ അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. ഓസ്ട്രേലിയ, സിംഗപ്പൂര്‍ തുടങ്ങിയ ഇടങ്ങളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള കൂട്ട പിരിച്ചു വിടലില്‍ ജീവിതം നഷ്ടമായ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ നമുക്കിടയിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ