വാഷിംഗ്‌ടൺ: അന്താരാഷ്ട്ര ഭക്ഷ്യ നയ ഗവേഷണ സ്ഥാപനം 2017 ലെ ആഗോള വിശപ്പ് സൂചിക പുറത്തുവിട്ടു. പട്ടിണി ഇന്ത്യയിൽ വളരെ വേഗത്തിൽ വളരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2014 ൽ 55ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2017 ൽ 100ാം സ്ഥാനത്തെത്തി. മൂന്ന് വർഷങ്ങൾക്കിടയിൽ രാജ്യം പട്ടിണി വളർച്ചയിൽ 45 സ്ഥാനങ്ങൾ പുറകോട്ട് പോയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളടക്കം കുട്ടികൾക്ക് പോഷകാഹാരം നൽകുന്ന കാര്യത്തിൽ പട്ടികയിൽ മുൻപന്തിയിലാണ്. ഈ സമയത്താണ് ഇന്ത്യ ഏറെ പിന്നാക്കം പോയത്. ഇത് അന്താരാഷ്ട്ര തലത്തിൽ തന്നെ ഇന്ത്യയ്ക്ക് കടുത്ത നാണക്കേടുണ്ടാക്കി.

കുട്ടികൾക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ അളവ്, അഞ്ച് വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ ഉയരവും തൂക്കവും തമ്മിലുള്ള അനുപാതം, കുട്ടികളുടെ പ്രായവും ഉയരവും തമ്മിലുള്ള അനുപാതം, ശിശുമരണ നിരക്ക് എന്നിവ കണക്കാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പോഷകാഹാര കുറവ് മൂലം ഇന്ത്യയിൽ കുട്ടികളുടെ വളർച്ച ശോഷിക്കുകയാണെന്ന് പട്ടിക ചൂണ്ടിക്കാട്ടുന്നു. അയൽ രാജ്യങ്ങളായ നേപ്പാളും മ്യാന്മറുമെല്ലാം പട്ടികയിൽ ഇന്ത്യയെക്കാൾ മുകളിലാണ്. പാക്കിസ്ഥാൻ മാത്രമാണ് ഇന്ത്യയേക്കാൾ താഴെയുള്ളത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ