ന്യൂഡല്‍ഹി: ലോക സന്തോഷ സൂചികയില്‍ ഇന്ത്യയുടെ മോശം പ്രകടനം തുടരുന്നു. മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 136-ാം സ്ഥാനത്താണ് ഇന്ത്യ ഇത്തവണ. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ഇന്ത്യയേക്കാള്‍ പിന്നില്‍.
146 രാജ്യങ്ങളുടെ സൂചികയില്‍ അഫ്ഗാനിസ്ഥാനാണ് ലോകത്തിലെ ഏറ്റവും അസന്തുഷ്ടമായ രാജ്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. നേപ്പാള്‍ (84), ബംഗ്ലാദേശ് (94), പാകിസ്ഥാന്‍ (121), ശ്രീലങ്ക (127) എന്നിവയാണ് മികച്ച റാങ്കുകള്‍ നേടാനായ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍.
ലോക സന്തോഷ റിപ്പോര്‍ട്ടിന്റെ പത്താം പതിപ്പാണ് പുറത്തുവന്നിരിക്കുന്നത്. തുടര്‍ച്ചയായി അഞ്ചാം തവണയും ഫിന്‍ലന്‍ഡാണ് പട്ടികയില്‍ ഒന്നാമത്. ഡെന്‍മാര്‍ക്ക്, ഐസ്ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍.
അമേരിക്ക 16-ാം സ്ഥാനത്തെത്തിയപ്പോള്‍ ബ്രിട്ടന്‍ 17-ാം സ്ഥാനത്തും ഫ്രാന്‍സ് 20-ാം സ്ഥാനത്തുമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, ജീവിത മൂല്യനിര്‍ണയത്തില്‍ 0 മുതല്‍ 10 വരെ സ്‌കെയിലില്‍ ഒരു പൂര്‍ണ പോയിന്റില്‍ കൂടുതല്‍ ഇടിവ് സംഭവിച്ച രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഐക്യരാഷ്ട്ര സഭയുടെ സസ്‌റ്റൈനബിള്‍ ഡെവലപ്മെന്റ് സൊല്യൂഷന്‍സ് നെറ്റ്വര്‍ക്കാണു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. ജിഡിപി, സാമൂഹിക പിന്തുണ, വ്യക്തിസ്വാതന്ത്ര്യം, ഓരോ രാഷ്ട്രത്തിലെയും അഴിമതിയുടെ അളവ് തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്ത് സന്തോഷത്തിന്റെ നിലവാരം വിലയിരുത്തിയാണു റിപ്പോര്‍ട്ട് തയാറാക്കുന്നത്. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനു മുന്‍പാണ് ഏറ്റവും പുതിയ പട്ടിക തയാറാക്കിയത്.