ന്യൂയോർക്ക്: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം വേൾഡ് ഫുഡ് പ്രോഗ്രാമിന്. ഐക്യരാഷ്‌ട്രസഭയുടെ കീഴിലാണ് വേൾഡ് ഫുഡ് പ്രോഗ്രാം പ്രവർത്തിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശ സംഘടനയാണ് വേൾഡ് ഫുഡ് പ്രോഗ്രാം.
ആഗാേളതലത്തിലുള്ള പട്ടിണിയും ഭക്ഷണ അരക്ഷിതാവസ്ഥയും മറികടക്കാനുള്ള ശ്രമങ്ങളാണ് വേൾഡ് ഫുഡ് പ്രോഗ്രാമിനെ നൊബേലിന് അർഹരാക്കിയത് . നൊബേൽ കമ്മിറ്റി ചെയർമാനായ ബെറിറ്റ് റീസ്-ആൻഡേഴ്‌സനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.
കോവിഡ് മഹാമാരിയെ തുടർന്ന് ലോകരാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ലക്ഷകണക്കിനു ആളുകൾ പട്ടിണിയിലേക്ക് കൂപ്പുകുത്തുന്നു. ഈ സമയത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ വേൾഡ് ഫുഡ് പ്രോഗ്രാം നിർവഹിച്ച പങ്കുകൾ പരിഗണിച്ചാണ് നൊബേൽ സമ്മാനം.
“ഈ വർഷത്തെ അവാർഡ് പ്രഖ്യാപനത്തിനൊപ്പം, പട്ടിണിയും ദാരിദ്ര്യവും ദശലക്ഷക്കണക്കിന് ആളുകളിലേക്ക് ലോകത്തിന്റെ കണ്ണുകൾ തുറക്കണമെന്ന് ആവശ്യപ്പെടുന്നു,” ആൻഡേഴ്‌സൺ പറഞ്ഞു.
ഭക്ഷ്യസുരക്ഷയെ സമാധാനത്തിന്റെ ഉപകരണമാക്കി മാറ്റുന്നതിൽ ബഹുമുഖ സഹകരണത്തിൽ ലോക ഭക്ഷ്യ പദ്ധതി (വേൾഡ് ഫുഡ് പ്രോഗ്രാം) പ്രധാന പങ്ക് വഹിക്കുന്നു. ആൽഫ്രഡ് നോബൽ പരാമർശിച്ചിരിക്കുന്നതുപോലെ രാഷ്ട്രങ്ങളുടെ സാഹോദര്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ സംഘടന വലിയ പങ്കുവഹിച്ചതായും ആൻഡേഴ്‌സൺ പുരസ്‌കാര പ്രഖ്യാപനവേളയിൽ പറഞ്ഞു.