ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഏകാധിപതികളായ ഹിറ്റ്‌ലറോടും മുസോളിനിയോടും താരതമ്യം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ലോകത്തിന് ഹിറ്റ്‌ലര്‍, മുസോളിനി, മോദി എന്നിവരെ പോലെയുളള നേതാക്കളെ ആവശ്യമില്ലെന്നായിരുന്നു ദിഗ്‌വിജയ് സിങിന്റെ പ്രസ്താവന. ലോകത്തിന് വേണ്ടത് മഹാത്മ ഗാന്ധിയേയും മാര്‍ട്ടിന്‍ ലൂഥര്‍ കിങിനേയും പോലുള്ള നേതാക്കളെയാണെന്നും അദ്ദേഹം പറഞ്ഞു.

Read More: ബിസി ഖണ്ഡൂരിയുടെ മകന്‍ കോണ്‍ഗ്രസില്‍; ‘കാരണം’ മോദിയെന്ന് രാഹുല്‍
ന്യൂസിലന്‍ഡിലെ പള്ളിയിലുണ്ടായ ആക്രമണത്തില്‍ അപലപിച്ചു കൊണ്ടുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് റിട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു ദിഗ്‌വിജയ് സിങിന്റെ പ്രതികരണം. ലോകത്തിന് വേണ്ടത് സ്‌നേഹത്തിന്റെ ഭാഷയും സമാധാനവും അനുകമ്പയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെറുപ്പും അക്രമവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതിയായ ബ്രണ്ടന്‍ ഹാരിസണ്‍ ടാറന്റിനെ കോടതിയില്‍ ഹാജരാക്കി. 49 പേരാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഏപ്രില്‍ 5 വരെ പ്രതിയെ റിമാന്റ് ചെയ്തു. കൈകളില്‍ വിലങ്ങിട്ട് വെളുത്ത ജയില്‍ വസ്ത്രം അണിയിച്ചാണ് പ്രതിയെ ക്രൈസ്റ്റ്ചര്‍ച്ചിലെ വിചാരണ കോടതിയിലെത്തിച്ചത്. വാദം കേള്‍ക്കുന്നതിനിടെ മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ ചിത്രം പകര്‍ത്തുമ്പോള്‍ അക്രമി പല്ലിളിച്ച് കാണിച്ച് ചിരിക്കുകയായിരുന്നു. കൂടാതെ വെളളക്കാരുടെ അധികാരമുദ്ര കൈ കൊണ്ട് കാണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

Read Also: ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത് ഹിജാബ് ധരിച്ച്

മേല്‍ചുണ്ട് മുറിഞ്ഞ രീതിയില്‍ കാണപ്പെട്ട പ്രതി വാദത്തിനിടെ ഒരക്ഷരം മിണ്ടാതെ മാധ്യമപ്രവര്‍ത്തകരെ നോക്കി നിന്നു. നേരത്തെ ഒരാളെ കൊലപാതകം ചെയ്ത പ്രതി കൂടിയാണ് ബ്രണ്ടന്‍. എന്നാല്‍ കൊല്ലപ്പെട്ടയാളുടെ പേര് പറയാന്‍ ജഡ്ജി തയ്യാറായില്ല. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ മാനസികാവസ്ഥ കണക്കിലെടുത്താണ് ഈ അവസരത്തില്‍ പേര് പറയാത്തതെന്ന് ജഡ്ജി വ്യക്തമാക്കി.

ന്യൂസിലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ അക്രമമാണ് കഴിഞ്ഞ ദിവസം നടന്നത്. വെടിവയ്പില്‍ രണ്ട് ഇന്ത്യക്കാരും കൊല്ലപ്പെട്ടു. ഒന്‍പത് ഇന്ത്യക്കാരെ കാണാതായതായി ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു. ആക്രമണത്തില്‍ 49 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook