വാഷിങ്ടണ്‍: ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം രാജി പ്രഖ്യാപിച്ചു. അടുത്ത മാസത്തോടെ താന്‍ പദവി ഒഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനത്തെ അദ്ദേഹത്തിന്റെ കാലാവധി കഴിയാന്‍ ഇനിയും മൂന്ന് വര്‍ഷം ബാക്കി നില്‍ക്കെയാണ് അദ്ദേഹം അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. ലോകബാങ്കിന്റെ തലപ്പത്ത് രണ്ടുതവണയായി ആറു വർഷത്തെ സേവനത്തിന് ശേഷമാണ് കിം പടിയിറങ്ങുന്നത്. ഫെബ്രുവരി ഒന്നു മുതല്‍ രാജി പ്രാബല്യത്തില്‍ വരും. ഇടക്കാല പ്രസിഡന്റായി ലോകബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ക്രിസ്റ്റലീന ജോർജീവയെ നിയമിച്ചു.
‘ലോകത്തെ ഏറ്റവും വിലയ സ്ഥാപനങ്ങളില്‍ ഒന്നിന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. നമ്മുടെ കാലത്തെ പട്ടിണി ഇല്ലാതാക്കാനായി ആത്മാര്‍ത്ഥതയോടെ പരിശ്രമിക്കുന്ന വ്യക്തികളുളള സംഘടനയാണിത്,’ കിം വ്യക്തമാക്കി.
2012 ജൂലൈ ഒന്നിനാണ് ലോകബാങ്കിന്റെ പ്രസിഡന്റായി കിം ആദ്യമായി ചുമതലയേറ്റത്. 2017 ജൂലൈയിൽ രണ്ടാം വട്ടവും കിം തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കിമ്മിന്റെ പേര് മാത്രമേ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നുള്ളൂ. എന്നാൽ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കാതെ സ്ഥാനമൊഴിയാനായിരുന്നു കിമ്മിന്റെ തീരുമാനം.