ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആറു ശതമാനമായി കുറയുമെന്ന് ലോക ബാങ്ക്. വളര്‍ച്ചാ നിരക്ക് 2021 ല്‍ 6.9 ശതമാനമായും 2022 ല്‍ 7.2 ശതമാനമായും ഉയര്‍ത്താമെന്ന് ഇന്ത്യ പ്രതീക്ഷിച്ചിരുന്നതായി സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസിന്റെ ഏറ്റവും പുതിയ പതിപ്പില്‍ പറയുന്നു. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുറയുമെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. 2018-19ല്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 6.9 ശതമാനമായിരുന്നു. രാജ്യാന്തര നാണയ നിധി (ഐഎംഎഫ്)യുമായുള്ള വാര്‍ഷിക യോഗത്തിനു മുന്നോടിയായാണു ലോക ബാങ്ക് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. 2017-18 സാമ്പത്തിക വർഷം 7.2 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്.
Read Also: എവിടെ സാമ്പത്തിക മാന്ദ്യം ? മൂന്ന് സിനിമകള്‍ ഒറ്റ ദിവസം നേടിയത് 120 കോടി : രവിശങ്കര്‍ പ്രസാദ്
ഗ്രാമീണ സമ്പദ് വ്യവസ്ഥയിലെ ഞെരുക്കം, നഗരപ്രദേശങ്ങളിലെ യുവജനങ്ങളുടെ ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് എന്നിവയ്ക്കൊപ്പം ജിഎസ്ടി അവതരിപ്പിച്ചതും നോട്ട് നിരോധനവും ദരിദ്ര കുടുംബങ്ങളെ ബാധിച്ചിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ആഗോള മാന്ദ്യം ബാധിച്ചിരിക്കുമ്പോഴും ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണെന്നു ലോകബാങ്കിന്റെ ദക്ഷിണേഷ്യയിലെ മുഖ്യ ഇക്കണോമിസ്റ്റ് ഹാന്‍സ് ടിമ്മര്‍ പറഞ്ഞു.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ആറു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ അഞ്ച് ശതമാനമായി കുറഞ്ഞ സമയത്താണ് ലോക ബാങ്കിന്റെ പ്രവചനം. മാന്ദ്യത്തിന്റെ തുടര്‍ച്ചയായ നാലാം പാദമാണിത്.
Read Also: സാമ്പത്തിക മാന്ദ്യം: ഇന്ത്യയിലെ സ്ഥിതി രൂക്ഷമെന്ന് ഐഎംഎഫ്
2019-20 ന്റെ ആദ്യ പാദത്തില്‍, സമ്പദ് വ്യവസ്ഥയില്‍ ഗണ്യമായ വളര്‍ച്ചാ ഇടിവ് നേരിട്ടു. ഡിമാന്‍ഡ് ഭാഗത്ത് സ്വകാര്യ ഉപഭോഗം കുത്തനെ ഇടിഞ്ഞു. വിതരണത്തിന്റെ കാര്യത്തില്‍ വ്യവസായ, സേവന മേഖലകളില്‍ വളര്‍ച്ച ദുര്‍ബലമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.