ഇന്ന് ലോക ഓട്ടിസം അവബോധ ദിനം. ഐക്യരാഷ്ട്ര പൊതുസഭയുടെ 2007 ഡിസംബർ 18 ലെ തീരുമാനപ്രകാരമാണ് ഏപ്രിൽ രണ്ട് ലോക ഓട്ടിസം അവബോധ ദിനമായി ആചരിക്കപ്പെടുന്നത്. ഐക്യരാഷ്ട്രസഭയുടെ ഉപഘടകങ്ങളും, എല്ലാ അംഗരാജ്യങ്ങളും , സന്നദ്ധ സംഘടനകളും , എല്ലാ പൊതു സ്വകാര്യ സംഘടനകളും ലോക ഓട്ടിസം അവബോധ ദിനാചരണത്തിൽ പങ്കെടുക്കുന്നുണ്ട്. ഓട്ടിസത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓട്ടിസം ദിനം ആചരിക്കുന്നത്.

കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം. സ്വയം എന്നര്‍ഥമുള്ള ആട്ടോസ് എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദമുണ്ടായത്. ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രധാന ലക്ഷണം തനിച്ചിരിക്കാനുള്ള ഇഷ്ടമാണ്. ഇത് കുട്ടികളുടെ ആശയവിനിമയ ശേഷിയെയും സഹവര്‍ത്തിത്വ ശേഷിയെയുമാണ് കാര്യമായി ബാധിക്കുന്നത്.

എന്നാല്‍ സംഗീതമടക്കമുള്ള പല മേഖലകളിലും ഓട്ടിസ്റ്റിക്കായ വ്യക്തികള്‍ ശോഭിക്കാറുണ്ട്. അസാമാന്യമായ ബുദ്ധിശക്തിയും ചില കുട്ടികളില്‍ കാണാറുണ്ട്. ചാള്‍സ് ഡാര്‍വിന്‍, മെക്കലാഞ്ചലോ പോലുള്ള പ്രമുഖരും ഓട്ടിസമുണ്ടായിരുന്നവരായിരുന്നു. ബില്‍ ഗേറ്റ്സിനും ഓട്ടിസം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

പ്രധാനമായും ഓട്ടിസത്തിനുപിന്നില്‍ ജനിതക കാരണങ്ങളാണെങ്കിലും ഈ അസാധാരണാവസ്ഥയുടെ യഥാര്‍ത്ഥകാരണം ഇന്നും അജ്ഞാതമായി തുടരുന്നു. ജനിതകമായ ചില സവിശേഷതകള്‍, മസ്തിഷ്‌കത്തിന്റെ ഘടനാപരമായ ചില തകരാറുകള്‍, ഘനലോഹങ്ങളുടെയും ചിലതരം കീടനാശിനികളുടെയും മനുഷ്യശരീരത്തിലെ സാന്നിധ്യം തുടങ്ങിയവ മസ്തിഷ്‌കത്തില്‍ ഓട്ടിസത്തിന് കാരണമായ മാറ്റങ്ങള്‍ വരുത്തുന്നുവെന്ന് പഠനറിപ്പോര്‍ട്ടുകളുണ്ട്.

മരുന്നുനല്‍കിയുള്ള ഫലപ്രദമായചികിത്സ ഓട്ടിസത്തിന് നിലവിലില്ല. സാമൂഹീകരണം, ആശയവിനിമയം, പെരുമാറ്റരീതി എന്നിവയാണ് ഓട്ടിസം അവതാളത്തിലാക്കുന്നത്. അതിനാല്‍ സൗഹൃദപരവും അനുയോജ്യവുമായ ജീവിതാന്തരീക്ഷം സൃഷ്ടിച്ച് നിരന്തരമായ പരിശീലനത്തിലൂടെ ഈ മൂന്നുമേഖലകളില്‍ പരിശീലനം നല്‍കുകയാണ് ഓട്ടിസത്തിന്റെ പ്രധാനചികിത്സ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook