ബെംഗലുരു: കോൺഗ്രസ് ഇടപെടൽ മൂലം സ്വതന്ത്രമായി ഭരിക്കാൻ സാധിക്കുന്നില്ലെന്ന് പരിതപിച്ച് കർണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പുവരെ കോൺഗ്രസ്-ജെഡിഎസ് സൗഹൃദം നീണ്ടുപോകില്ലെന്ന സൂചന നൽകുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

ജനതാദൾ എംഎൽഎമാരും എംഎൽസി മാരും പങ്കെടുത്ത യോഗത്തിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രി കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചത്. കോൺഗ്രസ് എല്ലായിടത്തും ഇടപെടുന്നുവെന്നും അതിനാൽ മുഖ്യമന്ത്രിയെ പോലയല്ല, ക്ലാർകിനെ പോലെയാണ് താൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതായാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്.

കോൺഗ്രസ് നേതാക്കൾ തന്നെ അവരുടെ കീഴ്‌ജീവനക്കാരനായാണ് കാണുന്നതെന്നും അദ്ദേഹം നേതാക്കളോട് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

വല്യേട്ടനെ പോലെ കോൺഗ്രസ് പെരുമാറുന്നുവെന്നും എല്ലാ ഉത്തരവുകളിലും ഒപ്പുവയ്പ്പിക്കുന്നുവെന്നും കുമാരസ്വാമി പറഞ്ഞതായാണ് വാർത്തയിൽ ചൂണ്ടിക്കാട്ടുന്നത്. യോഗത്തിൽ പങ്കെടുത്ത ഒരു എംഎൽഎയാണ് ഇക്കാര്യം പുറത്തുവിട്ടത്.

എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ സഖ്യസർക്കാരിനെ ദോഷകരമായി ബാധിക്കുന്ന ഒന്നും താൻ ചെയ്യില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കുമാരസ്വാമിയുടെ ജ്യേഷ്ഠ സഹോദരൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ എച്ച് ഡി രേവണ്ണയും ഒരു വാക്ക് പോലും മിണ്ടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ