ന്യൂഡൽഹി: പാക്കിസ്ഥാനിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ തെഹ്‌രീക് ഇ ഇൻസാഫ് പാർട്ടി നേതാവ് ഇമ്രാൻ ഖാനോട് തീവ്രവാദം അമർച്ച ചെയ്യണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ജമ്മു കശ്‌മീർ വിഷയം ചർച്ച ചെയ്യാൻ ആഗ്രഹം ഉണ്ടെന്ന് ഇമ്രാൻ ഖാൻ പറഞ്ഞതിന് പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യ വക്താവ് ഇക്കാര്യം പറഞ്ഞത്.

“സുരക്ഷിതവും സുസ്ഥിരവും തീവ്രവാദമില്ലാത്തതുമായ ദക്ഷിണേഷ്യയ്‌ക്ക് വേണ്ടി പാക്കിസ്ഥാനിലെ പുതിയ സർക്കാർ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു തിരഞ്ഞെടുപ്പിലൂടെ ജനാധിപത്യത്തിലുള്ള വിശ്വാസം ഉയർത്തിപ്പിടിച്ച പാക് ജനതയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു,” വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന പൊതുതിരഞ്ഞെടുപ്പിൽ 116 സീറ്റുകളോടെ മുൻ ക്രിക്കറ്റർ ഇമ്രാൻ ഖാന്റെ തെഹ്‌രിക് ഇ ഇൻസാഫ് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു.  ഇന്ത്യയുമായി വ്യാപാര ബന്ധം തുടരാനും സമാധാന ചർച്ചകൾക്കും തയ്യാറാണെന്നും ഇമ്രാൻ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുമായി നല്ല ബന്ധം പുലർത്തണമെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാൻ മുൻ ക്രിക്കറ്ററായ ഇമ്രാൻ ഖാൻ നയിച്ച തെഹരീക് ഇ ഇൻസാഫ് (പിടിഐ) 116 സീറ്റ് നേടിയാണ് പൊതുതിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. മത്സരം നടന്ന 270 സീറ്റുകളിൽ നിന്നാണ് ഈ വിജയം.

ചെറുപാർട്ടികളും സ്വതന്ത്രരും സ്വീകരിക്കുന്ന നിലപാടുകളാണ് ഇനി നിർണായകമാവുക. തിരഞ്ഞെടുപ്പിൽ വിജയിച്ച 13 സ്വതന്ത്രരും 13 സീറ്റ് നേടിയ മുത്തഹിദ മജ്‌ലിസ് ഇ അമി പാക്കിസ്ഥാനും ആറ് സീറ്റ് നേടിയ മുത്തഹിദ ക്വാമി മൂവ്മെന്റ് പാക്കിസ്ഥാനും ഇമ്രാന് പിന്തുണ നൽകുമെന്നാണ് വിവരം. ഈ പിന്തുണ ലഭിച്ചാൽ 148 സീറ്റുകളോടെ ഇമ്രാന് അധികാരത്തിലെത്താൻ സാധിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ