ന്യൂ ഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ വിഘടനവാദികളോടു ചര്‍ച്ചചെയ്യാന്‍ തങ്ങള്‍ തയ്യാറല്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അംഗീകൃത ദേശീയ പാര്‍ട്ടികള്‍ ചര്‍ച്ചയ്ക്ക് വരുകയാണ് എങ്കില്‍ അവരുമായി ചര്‍ച്ചയ്ക്കിരിക്കാനും ധാരണയുണ്ടാക്കാനും കേന്ദ്രം തയ്യാര്‍ ആണ്. എന്നാല്‍ വിഘടനവാദം ആധാരമാക്കിയുള്ള സംഘടനകളോട് ചര്‍ച്ചയ്ക്കിരിക്കാന്‍ കേന്ദ്രം തയ്യാറല്ല എന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുല്‍ രോഹ്താഗി സുപ്രീംകോടതിയെ അറിയിച്ചു.

കശ്മീര്‍ പ്രശ്നം ചര്‍ച്ചചെയ്യാനോ പരിഹരിക്കാനോ കേന്ദ്രം ശ്രമിക്കുന്നില്ലെന്ന ജമ്മു കശ്മീര്‍ ഹൈ കോര്‍ട്ട് ബാര്‍ അസോസിയേഷന്‍റെ വാദത്തെ നിരാകരിച്ച അറ്റോണി ജനറല്‍, ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹർ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്‌, ജസ്റ്റിസ് എസ് കെ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചിനോടാണ് കേന്ദ്രാഭിപ്രായം അറിയിച്ചത്.

ഈയടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കശ്മീര്‍ മുഖ്യമന്ത്രിയും തമ്മില്‍ കാണുകയും കശ്മീര്‍ താഴ്വരയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു എന്ന് രോഹ്താഗി കോടതിയെ അറിയിച്ചു. കശ്മീര്‍ താഴ്വരയിലെ തെരുവുകളില്‍ അരങ്ങേറുന്ന കല്ലേറുകളും അക്രമ സംഭവങ്ങളും എങ്ങനെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ച് സുപ്രീം കോടതി ബെഞ്ച്‌ ബാര്‍ അസോസിയേഷന്റെ അഭിപ്രായവും ആരാഞ്ഞു.

കശ്മീരിലെ എല്ലാവരെയും അഭിപ്രായം സ്വരൂപീച്ചുകൊണ്ട് ജമ്മു കശ്മീര്‍ ഹൈ കോര്‍ട്ട് ബാര്‍ അസോസിയേഷന്റെ പ്രാതിനിത്യം ആവശ്യപ്പെട്ട സുപ്രീം കോടതി. താഴ്വരയിലെ സ്ഥിതിഗതികള്‍ സാധാരണ അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കാന്‍ ബാര്‍ അസോസിയേഷനു കാര്യമായ പങ്കുവഹിക്കാനുണ്ട് എന്നും പറഞ്ഞു. അതിനുള്ള പദ്ധതി നിര്‍ദേശിക്കാനും അസോസിയേഷനോട് ആവശ്യപ്പെട്ടു. നിയമപരമായ തടസങ്ങള്‍ ഒന്നും ഇല്ലായെങ്കില്‍ പ്രശ്നപരിഹാരത്തില്‍ നേരിട്ട് ഇടപെടാനും കോടതി തയ്യാറാണ് എന്ന് സുപ്രീംകോടതി ബെഞ്ച്‌ കേന്ദ്രത്തെ അറിയിച്ചു.

കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെല്ലെറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നതിനെതിരെ ജമ്മു കശ്മീര്‍ ഹൈ കോര്‍ട്ട് ബാര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. കഴിഞ്ഞ വര്‍ഷം കശ്മീരില്‍ അരങ്ങേറിയ പ്രതിഷേധങ്ങള്‍ക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പുകളിലായി ഒട്ടനവധി പേര്‍ മരിക്കുകയും ധാരാളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook