ന്യൂഡൽഹി: സുപ്രീം കോടതിക്കെതിരായ ട്വീറ്റ് പിൻവലിക്കുകയോ മാപ്പ് പറയുകയോ ചെയ്യില്ലെന്ന് സ്റ്റാൻഡ്-അപ് കൊമേഡിയൻ കുനാൽ കമ്ര. ട്വീറ്റുകൾ പിൻവലിക്കാനോ മാപ്പ് പറയാനോ താൻ തയ്യാറല്ലെന്ന് കുനാൽ വ്യക്തമാക്കി.
‘അഭിഭാഷകരില്ല, മാപ്പ് പറയില്ല, സമയം കളയാനുമില്ല. എന്റെ ട്വീറ്റുകൾ അവർക്ക് വേണ്ടി സംസാരിച്ചുകൊള്ളും’ കുനാൽ ട്വീറ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റത്തിനു അറസ്റ്റിലായ റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച സുപ്രീം കോടതി നടപടിയെ പരിഹസിച്ചാണ് കുനാൽ കമ്ര ട്വീറ്റ് ചെയ്‌തത്. ഇതിനെതിരെയുള്ള കോടതിയലക്ഷ്യമാണ് കുനാൽ നേരിടുന്നത്.
സുപ്രീം കോടതിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളെ കുറിച്ച് തനിക്ക് ബോധ്യമുണ്ടെന്നും പ്രൈം ടൈം ഉച്ചഭാഷിണിയായ ഒരാൾക്കുവേണ്ടി ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചതിനെയാണ് ട്വീറ്റിൽ പരാമർശിച്ചിരിക്കുന്നതെന്നും കുനാൽ പറഞ്ഞു.
Read Also: സിപിഎം സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി മാറിനിൽക്കും
അർണബിന് ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് കുനാൽ ട്വീറ്റ് ചെയ്തത്. സുപ്രീം കോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ കാവിനിറമണിഞ്ഞ സുപ്രീം കോടതിയുടെ ചിത്രവും കുനാൽ പോസ്റ്റ് ചെയ്തിരുന്നു.
വിമാനത്തിൽ ഫാസ്റ്റ് ട്രാക്കിലൂടെ അദ്യമെത്തിയ ഫസ്റ്റ് ക്ലാസ് യാത്രികർക്ക് ഷാംപെയ്ൻ വിളമ്പുകയാണ് ജസ്റ്റിസ് ഡി.വെ.ചന്ദ്രചൂഢ് എന്നും, സാധാരണക്കാർക്ക് എന്നെങ്കിലും അകത്ത് സീറ്റ് കിട്ടുമോ എന്ന് പോലും അറിയാത്ത സാഹചര്യമാണ് എന്നും കമ്ര ട്വീറ്റ് ചെയ്തിരുന്നു.
No lawyers, No apology, No fine, No waste of space pic.twitter.com/B1U7dkVB1W
— Kunal Kamra (@kunalkamra88) November 13, 2020
കുനാലിന്റെ ട്വീറ്റിനെതിരെ കോടതിയലക്ഷ്യത്തിനു കേസെടുക്കാൻ അറ്റോർണി ജനറൽ കെ.സി.വേണുഗോപാൽ അനുമതി നൽകുകയായിരുന്നു. സുപ്രീം കോടതിയെ വിമര്‍ശിക്കുന്നത് നീതീകരിക്കാന്‍ കഴിയില്ലെന്നും അത്തരം നടപടികള്‍ ശിക്ഷാര്‍ഹമാണെന്ന് ജനങ്ങള്‍ മനസ്സിലാക്കുകയും വേണമെന്ന് കോടതിലക്ഷ്യ കേസിന് അനുമതി നല്‍കിക്കൊണ്ട് അറ്റോണി ജനറല്‍ വ്യക്തമാക്കി. നര്‍മ്മവും കോടതിയലക്ഷ്യവും തമ്മിലുള്ള അതിര്‍വരമ്പ് ഭേദിക്കുന്നതുമാണെന്ന് കെ.കെ.വേണുഗോപാല്‍ പറഞ്ഞു.