ശ്രീനഗർ: ഭരണഘടന പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതുവരെ തനിക്ക് “തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല” എന്ന് പ്രഖ്യാപിച്ച പിഡിപി പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. വെള്ളിയാഴ്ച ജമ്മു കശ്മീർ പതാക പുനഃസ്ഥാപിക്കുമ്പോൾ മാത്രമേ താൻ ത്രിവർണ പതാക ഉയർത്തൂ എന്നും മുഫ്തി പറഞ്ഞു.

2019 ഓഗസ്റ്റ് 5 ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ശ്രീനഗറിലെ സിവിൽ സെക്രട്ടേറിയറ്റ് കെട്ടിടത്തിന് മുകളിൽ ദേശീയ പതാകയോടൊപ്പം ഉണ്ടായിരുന്ന ജമ്മു കശ്മീർ പതാക നീക്കം ചെയ്തിരുന്നു.

“എന്റെ പതാക എന്റെ മുന്നിലുണ്ട്. ഈ പതാക ഞങ്ങൾക്ക് പുനഃസ്ഥാപിച്ചു നൽകുമ്പോൾ, ഞങ്ങൾ മറ്റ് പതാകയും ഉയർത്തും. അത് സംഭവിക്കുന്നതുവരെ മറ്റൊരു പതാകയും ഞങ്ങൾ കൈയിൽ പിടിക്കുകയില്ല. ആ പതാകയുമായുള്ള​ ഞങ്ങളുടെ ബന്ധം രൂപീകരിക്കപ്പെട്ടത് ഈ പതാകയിലൂടെയാണ്. അതുകൊണ്ട് ഈ പതാക സ്വതന്ത്രമല്ല, “മെഹബൂബ മുഫ്തി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ജമ്മു കശ്മീർ പതാക തിരികെ ലഭിക്കുമ്പോൾ ദേശീയ പതാകയുയർത്തും. പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതുവരെ മത്സരിക്കില്ല” 14 മാസത്തിനു ശേഷം തടവിൽ നിന്ന് മോചിതയാി ആദ്യം നടത്തിയ പത്രസമ്മേളനത്തിൽ മുഫ്തി പറഞ്ഞു.

“അവർ ഈ രാജ്യത്തിന്റെ ഭരണഘടനയെ ബിജെപി പ്രകടന പത്രിക ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ ശ്രമിക്കുകയാണ്, ഇത് അധികകാലം നിലനിൽക്കില്ല,” അവർ പറഞ്ഞു.

“കശ്മീരിലെ ജനങ്ങളെ അവർ ഉപയോഗപ്പെടുത്തുകയാണ്, അവർക്ക് വേണ്ടത് പ്രദേശമാണ്. ഈ രാജ്യം ഭരണഘടനയിൽ പ്രവർത്തിക്കും, ബിജെപിയുടെ പ്രകടന പത്രികയിലല്ല, ”അവർ പറഞ്ഞു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കുന്ന ഭരണഘടനാ മാറ്റങ്ങളെക്കുറിച്ച് പരാമർശിച്ച മുഫ്തി, “നമ്മിൽ നിന്ന് തട്ടിയെടുക്കപ്പെട്ടവ തിരിച്ചെടുക്കപ്പെടും… ഇത് ഞങ്ങൾ സമാധാനപരമായി പോരാടുന്ന ഒരു രാഷ്ട്രീയ യുദ്ധമാണ്”

തന്റെ പോരാട്ടം ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ മാത്രമായി ഒതുങ്ങില്ലെന്നും എന്നാൽ “കശ്മീർ തർക്കം പരിഹരിക്കുന്നതിന്” അപ്പുറത്തേക്ക് പോകുമെന്നും അവർ പറഞ്ഞു.

“ഓഗസ്റ്റ് 5 ന് ഞങ്ങളിൽ നിന്ന് ഞങ്ങളുടെ അവകാശങ്ങൾ ബലമായി എടുത്തുകളഞ്ഞതിലൂടെ അവർ ഭരണഘടനയെ കീറിമുറിച്ചു. പാർലമെന്റിൽ അവർക്ക് 500 അംഗങ്ങളുണ്ടെങ്കിലും ആർട്ടിക്കിൾ 370 അല്ലെങ്കിൽ 35 എ തട്ടിയെടുക്കാൻ അവർക്ക് അധികാരമില്ല, അവർക്ക് ആ അധികാരങ്ങളില്ല. ഇന്ത്യൻ ഭരണഘടന ആ അധികാരങ്ങൾ ജമ്മു കശ്മീർ ഭരണഘടനാ അസംബ്ലിക്ക് നൽകുന്നു, ”അവർ പറഞ്ഞു.

Read More in English: Won’t contest polls till J&K special status back: Mehbooba

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook