ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായി അവരുടെ വസതിയിൽ സന്ദർശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചത്.
”എപ്പോഴും കോണ്‍ഗ്രസിന്റെ അച്ചടക്കമുള്ള ഭടനാണ്. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കൊച്ചിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ഥിച്ചിരുന്നു. അദ്ദേഹം അതിനു തയാറാകാതിരുന്നപ്പോള്‍ ഞാന്‍ മത്സരിക്കുമെന്നു പറഞ്ഞു. എന്നാല്‍ ഈ സംഭവത്തോടെ (രാജസ്ഥാന്‍ രാഷ്ട്രീയപ്രതിസന്ധി) മത്സരിക്കുന്നില്ലെന്നു ഞാന്‍ തീരുമാനിച്ചു,” ഗെലോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രണ്ടു ദിവസം മുന്‍പ് രാജസ്ഥാനില്‍ നടന്ന സംഭവങ്ങള്‍ തങ്ങളെ ഞെട്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായി തുടരാൻ താൻ ആഗ്രഹിച്ചതുപോലെ എല്ലാം നടന്നുവെന്ന ചിത്രമാണ് ഇതു നൽകിയത്. താന്‍ മുഖ്യമന്ത്രിയായി തുടരണമോയെന്നു സോണിയ ഗാന്ധി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനില്‍ നടന്ന സംഭവങ്ങളില്‍ അദ്ദേഹം സോണിയയോട് ക്ഷമ ചോദിച്ചു. ക്ഷമാപണക്കത്തുമായാണ് അദ്ദേഹം സോണിയയെ കാണാനെത്തിയത്.
ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റാനുള്ള നീക്കത്തിനെതിരെ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എം എല്‍ എമാര്‍ നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കാതെ സമാന്തര യോഗം ചേരുകയും സ്പീക്കര്‍ക്കു രാജിക്കത്ത് നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. കാബിനറ്റ് മന്ത്രി ശാന്തി ധരിവാളിന്റെ വസതിയില്‍ എംഎല്‍എമാര്‍ യോഗം കൂടിയിരുന്നു.
സംഭവത്തിൽ അശോക് ഗെലോട്ടിന്റെ മൂന്നു സഹായികള്‍ക്ക് എ ഐ സി സി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. സംസ്ഥാന പാര്‍ലമെന്ററി കാര്യ മന്ത്രി ശാന്തി ധാരിവാള്‍, പാര്‍ട്ടി ചീഫ് വിപ്പ് മഹേഷ് ജോഷി, ധര്‍മേന്ദ്ര റാത്തോഡ് എന്നിവര്‍ക്കാണു നോട്ടീസ് നൽകിയത്. ഞായറാഴ്ച ജയ്പൂരില്‍ നടന്ന സമാന്തര കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം കടുത്ത അച്ചടക്കരാഹിത്യമാണെന്നു ചൂണ്ടിക്കാട്ടിയാണു നോട്ടിസ് പുറപ്പെടുവിച്ചത്.