ന്യൂഡൽഹി: റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ മാപ്പു പറയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഹുൽ മാപ്പു പറയണമെന്നാവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും ബിജെപി എംപിമാർ പ്രതിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്.

പാർലമെന്റിനു പുറത്തെത്തിയ രാഹുൽ താൻ മാപ്പു പറയില്ലെന്ന് മാധ്യമപ്രവർത്തകരോടായി പറഞ്ഞു. ”പ്രധാനമന്ത്രി മേക്ക് ഇൻ ഇന്ത്യയെക്കുറിച്ചാണ് നിരന്തരം പറയുന്നത്. അതിനെക്കുറിച്ചുളള ഒരു വാർത്തയെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് രാവിലെ ഒരാൾ വായിക്കാൻ പത്രം നിവർത്തുന്നത്. പക്ഷേ, പത്രം നിവർത്തുമ്പോൾ നമ്മൾ കാണുന്നതെന്താണ്? നിറയെ ബലാത്സംഗ കേസുകൾ. പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രതിഷേധം മറയ്ക്കാനാണ് ബിജെപിയും നരേന്ദ്ര മോദിയും ശ്രമിക്കുന്നത്,” രാഹുൽ പറഞ്ഞു.

താൻ മാപ്പു പറയില്ലെന്നും മോദിയാണ് മാപ്പു പറയേണ്ടതെന്നും വ്യക്തമാക്കി രാഹുൽ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. മോദി മാപ്പു പറയേണ്ടതിന്റെ മൂന്നു കാരണങ്ങളും രാഹുൽ വിശദീകരിച്ചിട്ടുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കലാപം ഉണ്ടാക്കിയതിന്, രജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർത്തതിന്, പിന്നെ ഈ പ്രസംഗത്തിന് എന്നു പറഞ്ഞ രാഹുൽ മോദിയുടെ ഒരു വീഡിയോ ക്ലിപ്പും ഷെയർ ചെയ്തു. ഡൽഹി ബലാത്സംഗങ്ങളുടെ തലസ്ഥാന നഗരമായി മാറിയെന്നു മോദി പറയുന്ന വീഡിയോയാണിത്.

രാഹുൽ ഗാന്ധിയുടെ ‘റേപ്പ് ഇൻ ഇന്ത്യ’ പരാമർശത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും ഇന്നു ബഹളമുണ്ടായി. രാഹുൽ ഗാന്ധി മാപ്പു പറയണമെന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചു. ബിജെപി എംപിമാർ രാഹുലിനെതിരെ മുദ്രാവാക്യം വിളിച്ചു. ഭരണപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭ പലതവണ നിർത്തിവച്ചു.

Read Also: ‘റേപ്പ് ഇൻ ഇന്ത്യ’ പരാമർശം; രാഹുൽ ഗാന്ധി മാപ്പു പറയണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ ബഹളം

രാഹുലിനെ രൂക്ഷമായ ഭാഷയിലാണ് സ്‌മൃതി ഇറാനി വിമർശിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ വനിതകളെ ബലാത്സംഗം ചെയ്യണമെന്ന് ഒരു നേതാവ് ആഹ്വാനം ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി പറഞ്ഞു. ”ഇതാണോ രാജ്യത്തെ ജനങ്ങൾക്കുളള രാഹുലിന്റെ സന്ദേശം. അദ്ദേഹം ശിക്ഷിക്കപ്പെടണം” സ്‌മൃതി ഇറാനി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. ”’മേക്ക് ഇൻ ഇന്ത്യ’ എന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ നിങ്ങൾ എവിടെ നോക്കിയാലും ‘റേപ്പ് ഇൻ ഇന്ത്യ’ ആണ്. ഉത്തർപ്രദേശിൽ നരേന്ദ്ര മോദിയുടെ എംഎൽഎ സ്ത്രീയെ ബലാത്സംഗം ചെയ്തു, അതിനുശേഷം ആ പെൺകുട്ടി അപകടത്തിൽപ്പെട്ടു. എന്നിട്ടും മോദി ഒരു വാക്കുപോലും മിണ്ടിയില്ല. നരേന്ദ്ര മോദി ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ പറയുന്നു, എന്നാൽ ആരുടെ പക്കൽനിന്നാണ് പെൺമക്കളെ രക്ഷിക്കേണ്ടതെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല. ബിജെപി എംഎൽഎമാരിൽ നിന്നാണ് അവരെ രക്ഷിക്കേണ്ടത്” ഇതായിരുന്നു രാഹുൽ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook