ലക്നൗ: ഉത്തര്‍പ്രദേശില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഐഎസ് ബന്ധം സംശയിക്കപ്പെടുന്ന സെയ്ഫുള്ളയുടെ മൃതദേഹം സ്വീകരിക്കില്ലെന്ന് സെയ്ഫുള്ളയുടെ പിതാവ്. രാജ്യത്തിന് എതിരായി നിന്ന രാജ്യദ്രോഹിയുടെ മൃതദേഹം തങ്ങള്‍ക്ക് സ്വീകരിക്കാനാവില്ലെന്ന് സെയ്ഫുള്ളയുടെ പിതാവ് സര്‍താജ് വ്യക്തമാക്കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ജോലിക്ക് പോകാത്തതിന്റെ പേരില്‍ രണ്ട് മാസം മുമ്പ് താന്‍ തല്ലിയതിനെ തുടര്‍ന്ന് വീട് വിട്ട് പോയതാണ് അവന്‍. കഴിഞ്ഞ തിങ്കളാഴ്ച്ച ഫോണ്‍ വിളിച്ച് സൗദി അറേബ്യയിലേക്ക് പോകുകയാണെന്ന് തന്നോട് പറഞ്ഞതായും സെയ്ഫുള്ളയുടെ പിതാവ് പറഞ്ഞു.

ഭോപ്പാല്‍-ഉജ്ജെയിന്‍ ട്രെയിനില്‍ നടന്ന സ്ഫോടനം ഐസിസിന്റെ ആദ്യരൂപമായിരുന്ന ഖൊറാസൻ സംഘടന നടത്തിയതെന്നാണ് കരുതുന്നത്. ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തിൽ എട്ടു പേർക്ക് പരിക്കേറ്റിരുന്നു. സ്ഫോടനവുമായി ബന്ധമുണ്ടെന്ന് കരുതുന്ന സെയ്ഫുള്ളയെ ലക്നൗവിലെ താക്കൂർഗഞ്ചിലെ വീട്ടിൽ നടന്ന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.

ഇന്ന് പുലർച്ചെയാണ് സെയ്ഫുള്ള ഒളിച്ചിരുന്ന വീട്ടിൽ കമാൻഡോകൾ കടന്നുകയറി അയാളെ വധിച്ചത്. ഐസിസിന്റെ പതാകയും ട്രെയിനുകളുടെ സമയപ്പട്ടികയും സെയ്ഫുള്ളയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തിരുന്നു.

ഇയാൾ ഈ സംഘടനയിൽ അംഗമായിരുന്നെന്ന് ഭീകരവിരുദ്ധ സ്ക്വാഡ് ദേശീയ അന്വേഷണ ഏജൻസിയും വ്യക്തമാക്കി. എട്ടു പിസ്റ്റളുകൾ, 650 വെടിയുണ്ടകൾ, റിവോൾവർ, കത്തി, പണം, സ്വർണം, പാസ്പോർട്ട്, സിം കാർഡുകൾ എന്നിവ ഏറ്റുമുട്ടൽ നടന്ന വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു.

ഖൊറാസൻ ഭീകര സംഘടനയുടെ അംഗങ്ങളായി ഇന്ത്യയിൽ ഒന്പതു പേർ മാത്രമാണുള്ളത്. ഉത്തർപ്രദേശിലെ കാൺപൂരിലും ലക്നൗവിലും ആയാണ് സംഘടന പ്രവർത്തിച്ചു വന്നതെന്ന് എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ വരും നാളുകളിൽ വൻസ്ഫോടനത്തിന് ഭീകരർ പദ്ധതിയിട്ടിയിരുന്നതായാണ് സൂചന. ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണ്. ട്രെയിൻ ആക്രമണത്തിന് പ്രാദേശിക തീവ്രവാദ സംഘടനകളുടെ സഹായം കിട്ടിയോ എന്ന കാര്യവും എൻ.ഐ.എ അന്വേഷിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ