ന്യൂഡൽഹി: ഡൽഹി തിരഞ്ഞെടുപ്പ് റാലിയിൽ ബിജെപി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങൾ ഭയപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി വിവിധ വനിതാ സംഘടനാ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും ഉൾപ്പെടെ 175ഓളം പേർ പ്രധാനമന്ത്രിക്ക് കത്തെഴുതി.

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ നിയമത്തിനുമെതിരെ സമരം ചെയ്യുന്ന സ്ത്രീകൾക്കെതിരെ അക്രമം അഴിച്ചുവിടാൻ ബിജെപി നേതാക്കൾ തങ്ങളുടെ അണികളോട് ആവശ്യപ്പെടുന്നത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് തുറന്ന കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഞായറാഴ്ച രാത്രി ജാമിയ മിലി ഇസ്ലാമിയ യൂണിവേഴ്സിറ്റിയുടെ അഞ്ചാം നമ്പർ ഗേറ്റിന് മുന്നിൽ രണ്ട് അജ്ഞാതർ വെടിയുതിർത്തശേഷമാണ് ഇവർ പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്ത് കത്തെഴുതിയതെന്ന് ജാമിയ കോർഡിനേഷൻ കമ്മിറ്റി (ജെസിസി) അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് സർവ്വകലാശാലയിലെ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും അടങ്ങുന്ന സംഘം രൂപീകരിച്ച കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ അക്രമികൾ ചുവന്ന നിറത്തിലുള്ള ഇരുചക്ര വാഹനത്തിലാണ് വന്നതെന്ന് പറയുന്നു.

സാമ്പത്തിക വിദഗ്ധ ദേവകി ജെയിൻ, മനുഷ്യാവകാശ പ്രവർത്തക ലൈല ത്യാബ്ജി, മുൻ ഇന്ത്യൻ അംബാസഡർ മധു ഭാദുരി, ലിംഗ സമത്വത്തിനായി പ്രവർത്തിക്കുന്ന കമല ഭാസിൻ, എന്നിവരും ഓൾ ഇന്ത്യ പ്രോഗ്രസീവ് വിമൻസ് അസോസിയേഷൻ (എഐപിഡബ്ല്യുഎ), നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ (എൻ‌എഫ്‌ഐഡബ്ല്യു) എന്നീ സംഘടനകളുടെ നേതാക്കളും കത്തിൽ ഒപ്പുവച്ചവരിൽ ഉൾപ്പെടുന്നു.

തിരഞ്ഞെടുപ്പ് റാലികളിൽ വിവിധ ബിജെപി നേതാക്കൾ വിദ്വേഷ ഭാഷണം നടത്തുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് ദേശീയ തലസ്ഥാനത്ത് തുടർച്ചയായ ആക്രമണങ്ങൾ നടന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഡൽഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണമെന്നും വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റ് ചെയ്യണമെന്നും ആം ആദ്മി പാർട്ടി ഇന്നലെ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook