റിയാദ്: സൗദി അറേബ്യയിൽ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ വനിതകൾക്കുണ്ടായിരുന്ന വിലക്ക് ഭരണകൂടം നീക്കി. അടുത്ത വർഷം മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരും. ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാൻ തുർക്കി അലി അഷെയ്ക് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

രാജകുടുംബാംഗമായ റിമ ബിൻ ബന്ദർ രാജകുമാരി സൗദി ഫെഡറേഷൻ ഓഫ് സ്പോർട്സ് കമ്മിറ്റിയുടെ തലപ്പത്തെത്തിയതിന് പിന്നാലെയാണ് ഈ തീരുമാനം. ഒക്ടോബർ ആദ്യ വാരമാണ് റീമ ബിന്റ് ബന്ദർ ബിൻ സുൽത്താൻ രാജകുമാരി ചുമതലയേറ്റെടുത്തത്. സ്ത്രീ സ്വാതന്ത്ര്യത്തിന് സൗദിയിൽ കടുത്ത നിയന്ത്രണങ്ങളുണ്ട്. ഇതിനെതിരെ വളരെയധികം വിമർശനങ്ങൾ ഉയർന്നിരുന്നു.

അടുത്തിടെയാണ് വനിതകൾക്ക് വാഹനം ഓടിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദി എടുത്തുകളഞ്ഞത്. കായിക രംഗത്തും വിലക്ക് നീക്കിയതോടെ മറ്റ് മേഖലകളിലും സ്ത്രീകൾക്കനുകൂലമായി തീരുമാനം ഭരണകൂടം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ