ബാരി: ആവശ്യത്തിന് വെളളം ലഭിക്കാതിരുന്നതിനെ തുടർന്ന് പ്രകോപിതരായ സ്ത്രീകൾ ജല അതോറിറ്റി എക്സിക്യുട്ടിവ് എഞ്ചിനീയറെ വളഞ്ഞിട്ട് തല്ലി. രാജസ്ഥാനിലെ ബാരി ജില്ലയിലാണ് സംഭവം നടന്നത്.
ജല വിതരണ വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർ അശോക് ഭൈരവയ്ക്കാണ് മർദ്ദനമേറ്റത്. സ്ഥലം എംഎൽഎ വരുന്നത് വരെ രണ്ട് മണിക്കൂറോളം അദ്ദേഹത്തെ സ്ത്രീകൾ തടഞ്ഞുവയ്ക്കുകയും ചെയ്തു.
രാജസ്ഥാനിലെ ബാരി ഉൾപ്പെടുന്ന ധൊൽപൂർ ജില്ലയിൽ പലയിടത്തും കഴിഞ്ഞ രണ്ട് മാസമായി വെളളം ആവശ്യത്തിന് ലഭിച്ചിരുന്നില്ല. നിരവധി തവണ ജല വകുപ്പിൽ ജനങ്ങൾ പരാതിയുമായി ചെന്നെങ്കിലും ഇതുവരെ പരിഹാരം കണ്ടിരുന്നില്ല.
ഇതേ തുടർന്നാണ് തിങ്കളാഴ്ച ബാരിയിലെ ജല വിതരണ വകുപ്പിന്റെ ഓഫീസ് പ്രദേശ വാസികളായ സ്ത്രീകൾ ഘെരാവോ ചെയ്തത്. പ്രശ്നം ചർച്ച ചെയ്യാൻ ഓഫീസിൽ നിന്ന് ഇറങ്ങിവന്ന എക്സിക്യുട്ടീവ് എഞ്ചിനീയറെ വളഞ്ഞ് നിന്ന് സ്ത്രീകൾ ചെരിപ്പുകൾ കൊണ്ട് മർദ്ദിച്ചു.
ആളുകൾ അശോകിനോട് പ്രശ്നം പറഞ്ഞെങ്കിലും ഇദ്ദേഹം പരിഹാരമോ പ്രശ്നങ്ങൾക്ക് മതിയായ ഉത്തരമോ നൽകാതിരുന്നതാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് റിപ്പോർട്ടുണ്ട്. മൂന്ന് ദിവസത്തിനുളളിൽ പ്രശ്നം പരിഹരിക്കാമെന്ന് എംഎൽഎ ഉറപ്പ് നൽകിയതോടെയാണ് ജനങ്ങൾ പിരിഞ്ഞുപോയത്. ടാങ്കറുകളിൽ വെള്ളം വിതരണം ചെയ്യാനുളള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.