/indian-express-malayalam/media/media_files/uploads/2023/09/Parliament.jpg)
പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് തുടക്കമായി
ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്നതിനായുള്ള വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതായി റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ തിങ്കളാഴ്ച അംഗീകാരം നൽകിയാതായി കേന്ദ്രമന്ത്രിസഭയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ബിൽ ഇന്നാരംഭിച്ച പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.
സ്ത്രീകൾക്ക് ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സംവരണം നടപ്പാക്കുന്നതിനായുള്ള ബിൽ 2010ൽ രണ്ടാം യു പി എ മന്ത്രിസഭയുടെ കാലത്ത് രാജ്യസഭ പാസാക്കിയിരുന്നു.
പ്രത്യേക സമ്മേളനത്തിന്റെ ആദ്യ ദിവസത്തെ സമ്മേളനത്തിന് ശേഷം പാർലമെന്റ് ഹൗസിലെ അനക്സിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി മോദി അധ്യക്ഷനായിരുന്നു. ഈ പാർലമെന്റ് സമ്മേളനത്തിന് ദൈർഘ്യം കുറവായിരിക്കാമെന്നും എന്നാൽ ഇതൊരു പ്രധാന സന്ദർഭമാണെന്നും അത് ചരിത്രപരമായ തീരുമാനങ്ങളുടേതാണെന്നും പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ പ്രത്യേക സെഷനിൽ വനിതാ ബിൽ അവതരിപ്പിച്ച് പാസാക്കുമെന്ന് ഊഹാപോഹം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും വനിതാ സംവരണ ബിൽ കൊണ്ടുവരണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ലോക്‌സഭയിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തോടെയാണ് പാർലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനം ആരംഭിച്ചത്. സഭാ നടപടികൾ നാളെ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറുമെങ്കിലും, പഴയ കെട്ടിടം തലമുറകൾക്ക് പ്രചോദനമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സഭാ നടപടികളിൽ വനിതാ എംപിമാരുടെ വർദ്ധിച്ചുവരുന്ന പ്രാതിനിധ്യവും സംഭാവനയും മോദി പ്രസംഗത്തിനിടെ പരാമർശിച്ചു. “അറുനൂറോളം വനിതാ എംപിമാർ ഇരുസഭകളുടെയും മഹത്വം വർധിപ്പിച്ചു,”എന്ന് അദ്ദേഹം പറഞ്ഞു.
വനിതാ സംവരണ ബിൽ 1974 മുതൽ ഇതുവരെ
അടിയന്താരവാസ്ഥയ്ക്ക് തൊട്ട് മുമ്പ് 1974ൽ, ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യയിലെ വനിതകളുടെ അവസ്ഥയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിലാണ് ജനപ്രതിനിധി സഭയിലെ വനിതാ പ്രാതിനിധ്യത്തെ കുറിച്ച് ആദ്യമായി പരാമർശിക്കുന്നത്.
എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രിയായിരിക്കെ യുണൈറ്റഡ് ഫ്രണ്ട് സർക്കാരാണ് 1996 ലാണ് വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. 81-ആം ഭരണഘടന ഭേദഗതിയായാണ് ഈ ബിൽ അവതരിപ്പിച്ചത്. ബിൽ അവതരണത്തിന് ശേഷം സി പി ഐയുടെ എം പിയായിരുന്ന ഗീത മുഖർജി അധ്യക്ഷയായുള്ള സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടു. 1996 ഡിസംബർ ഒമ്പതിന് പാർലമെന്ററി സമിതി റിപ്പോർട്ട് ലോകസഭയിൽ അവതരിപ്പിച്ചു.
1998 ജൂണിൽ വാജ് പേയി സർക്കാർ 84-ആം ഭരണഘടനാ ഭേദഗതിയായി വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. 1999 നവംബറിൽ രണ്ടാം വാജ്പേയി സർക്കാർ ബിൽ വീണ്ടും പാർലമെന്റിൽ അവതരിപ്പിച്ചു. സമവായമുണ്ടാകാത്തതിനെത്തുടർന്ന് 2002-ലും 2003-ലും ബിൽ അവതരിപ്പിച്ചു. ഈ രണ്ടു തവണയും ബിൽ പാർലമെന്റിൽ പരാജയപ്പെട്ടു.
2004 മേയിൽ യു പി എയുടെ പൊതു മിനിമം പരിപാടിയിൽ ഉൾപ്പെടുത്തിയ വനിതാസംവരണ ബിൽ യാഥാർത്ഥ്യമാക്കുമെന്ന് മൻമോഹൻസിങ് സർക്കാർ പ്രഖ്യാപനം നടത്തി. 2008 മേയ് മാസം ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് നിയമ-നീതികാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റിയുടെ പരിഗണനക്കു വിട്ടു. 2009 ഡിസംബർ സ്റ്റാൻഡിങ്ങ് കമ്മറ്റി റിപ്പോർട്ട് പാർലമെന്റിന്റെ രണ്ടു സഭകളിലും വെച്ചു. റിപ്പോർട്ടിനെതിരെ സമാജ് വാദി പാർട്ടി (എസ് പി), രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി) ,ജനതാദൾ (യു) (ജെ ഡി (യു) എന്നീ പാർട്ടികൾ രംഗത്ത് വന്നു.
2010 ഫെബ്രുവരിയിൽ വനിതാ സംവരണ ബിൽ പാസാക്കാൻ സർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്നു രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടിൽ വ്യക്തമാക്കി. 2010 ഫെബ്രുവരി 25 കേന്ദ്രമന്ത്രിസഭ ബില്ലിന് അംഗീകാരം നൽകി. 2010 മാർച്ച് എട്ടിന്ന് അന്താരാഷ്ട്ര വനിതാ ദിനത്തിൽ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. എന്നാൽ ബഹളത്തെത്തുടർന്ന് അന്ന് വോട്ടെടുപ്പ് മാറ്റി വെക്കേണ്ടി വന്നു. സമാജ് വാദി പാർട്ടിയും രാഷ്ട്രീയ ജനതാദളും എന്നീ പാർട്ടികൾ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചു. 2010 മാർച്ച് ഒമ്പതിന് ബിൽ രാജ്യസഭയിൽ വോട്ടെടുപ്പിനിട്ടു. ഒന്നിനെതിരെ 186- വോട്ടുകൾക്ക് ബിൽ രാജ്യസഭ പാസാക്കി.
തദ്ദേശ സ്ഥാപനങ്ങളിൽ മുപ്പത് വർഷം മുമ്പ് 1993-ൽ ഭരണഘടനയുടെ 73, 74 വകുപ്പുകൾ ഭേദഗതി ചെയ്ത് മൂന്നിലൊന്ന് സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്തു. പിന്നീട് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. ജനപ്രതിനിധികളുടെ എണ്ണത്തിൽ മാത്രമല്ല തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനത്തും കേരളത്തിൽ 50 ശതമാനം സംവരണം നടപ്പാക്കിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.