ജലന്ധർ: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ ആരോപണ വിധേയനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കേരളത്തിൽ​ നടക്കുന്ന കന്യാസ്ത്രീകളുടെ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ജലന്ധറിലും പ്രതിഷേധം. നൂറോളം സ്ത്രീകളാണ് ബിഷപ്പിനെതിരെ ജലന്ധറിലെ ബിഷപ്പ് ഹൗസിലേയ്ക്ക് മാർച്ച് നടത്തിയത്.

കേരളത്തിൽ എറണാകുളം ഹൈക്കോടതിക്ക് സമീപം കന്യാസ്ത്രീകൾ നീതി തേടി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുമാണ് പഞ്ചാബ് ജനവാടി ഇസ്ത്രി സഭ എന്ന വനിതാ സംഘടന മാർച്ച് നടത്തിയത്.  കേരളത്തിൽ കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ ഏറിവരുന്നതിനിടയിലാണ് ജലന്ധറിലും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരം നടക്കുന്നത്.

റവലൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (​ആർഎംപിഐ) യുടെ വനിത സംഘടനയുടെ പഞ്ചാബ് ഘടകമാണ് ജനവാടി ഇസ്ത്രി സഭ. കേരളത്തിൽ ആർഎംപി നേതാവ് കെ.കെ.രമ കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമര പന്തലിൽ എത്തിയിരുന്നു.
ജലന്ധർ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഎംസി ചൗക്കിന് സമീപമുളള ബിഷപ്പ് ഹൗസിലേയ്ക്ക് നടത്തിയ മാർച്ച് ബിഷപ്പ് ഹൗസിന് നൂറ് മീറ്റർ അകലെ വച്ച് പൊലീസ് തടഞ്ഞു. പൊലീസ് തടഞ്ഞിടത്ത് വനിതാ പ്രവർത്തകർ ധർണ നടത്തുകയും ബിഷപ്പിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ബിഷപ്പിനെതിരെ ഉളള മുദ്രാവാക്യങ്ങളും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട പ്ലക്കാർഡുകളുമായിട്ടായിരുന്നു പ്രകടനം.

Janwadi Istri Sabha Punjab protests against the Bishop of Jalandhar Diocese, Franco Mulakkal,

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജലന്ധർ ബിഷപ്പ് ഹൗസിലേയ്ക്ക് പഞ്ചാബ് ജനവാടി ഇസ്ത്രി സഭ നടത്തിയ സ്ത്രീകളുടെ പ്രകടനം ഫൊട്ടോ: ഇന്ത്യൻ എക്സ്‌പ്രസ്സ്

ദേശ് ഭഗവത് യാദവ് ഹാളിൽ നിന്നും ബിഎംസി ചൗക്കിന് സമീപത്തുളള ബിഷപ്പ് ഹൗസിലേയ്ക്ക് ആരംഭിച്ച പ്രകടനം പൊലീസ് ഹോട്ടൽ കമൽ പാലസിന് സമീപം തടഞ്ഞു. രണ്ട് മാസം മുമ്പ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ​ പൊലീസ് ഇതുവരെ നടപടിയൊന്നുമെടുത്തില്ലെന്നും ബിഷപ്പിനെ കേരളാ പൊലീസ് സംരക്ഷിക്കുകയാണെന്നും അവർ ആരോപിച്ചു. ബലാൽസംഗ കേസിലെ പ്രതിയെ വേഗത്തിൽ അറസ്റ്റ് ചെയ്യുകയെന്നതാണ് നിയമം എന്നാൽ ഈ കേസിൽ എവിടെയാണ് നിയമം നടപ്പാകുന്നതെന്ന് അവർ ചോദിച്ചു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതുവരെ പ്രതിഷേധ സമരങ്ങൾ നടത്തുമെന്ന് ജനവാടി ഇസ്ത്രി സഭയുടെ പഞ്ചാബ് ഘടകം ജനറൽ​സെക്രട്ടറി നീലം ഗുമാൻ ഇന്ത്യൻ എക്സ്‌പ്രസ്സിനോട്  പറഞ്ഞു. ഈ പ്രതിഷേധങ്ങൾ അറസ്റ്റ് വരെ തുടരുമെന്ന് അവർ വ്യക്തമാക്കി. സർക്കാരിലും പൊലീസിലുമുളള ബിഷപ്പിന്റെ സ്വാധീനം കാരണം ഇരയായ കന്യാസ്ത്രീക്ക് നീതി ലഭിക്കുന്നില്ലെന്ന് ജനവാടി സഭയുടെ വൈസ് പ്രസിഡന്റ് രഘുവീർ കൗർ ആരോപിച്ചു.

ജലന്ധറിൽ സീനിയർ തസ്തികയിലുണ്ടായിരുന്ന കന്യാസ്ത്രിയെ 2014ൽ 13 തവണ ബിഷപ്പ് ലൈഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ബിഷപ്പിനെതിരെ കന്യാസ്ത്രീ വത്തിക്കാന് കത്ത് എഴുതുകയും ചെയ്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ