കൊച്ചി: ലോകത്ത് ഏറ്റവുമധികം വനിത പൈലറ്റുമാരുളള രാജ്യം ഇന്ത്യയാണ്. എന്നാൽ അത് മാത്രമല്ല, ലോകത്ത് ഓരോ രാജ്യത്തും ഉളള ശരാശരി വനിത പൈലറ്റുമാരുടെ എണ്ണത്തിന്റെ ഇരട്ടിയാണ് ഇന്ത്യയിലുളള വനിത പൈലറ്റുമാരുടെ എണ്ണം. ലിംഗസമത്വത്തിന്റെ പാതയിൽ ഇന്ത്യയ്ക്ക് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണിത്.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്ത് 5.4 ശതമാനമാണ് വനിത പൈലറ്റുമാരുടെ എണ്ണം. എന്നാൽ ഇന്ത്യയിലിത് 12.4 ശതമാനമാണ്. രാജ്യത്ത് ആകെയുളളത് 8797 പൈലറ്റുമാരാണ് ഉളളത്. ഇതിൽ 1092 പേരാണ് വനിതകൾ. ഇവരിൽ തന്നെ 385 പേർ ക്യാപ്റ്റന്മാരുമാണ്.
ലോകത്താകെ ഒന്നര ലക്ഷം പൈലറ്റുമാരുണ്ട്. ഇതിൽ 8061 പേരാണ് സ്ത്രീകൾ. അതിൽ തന്നെ 2190 പേർ ക്യാപ്റ്റന്മാരുമാണ്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂം എയർലൈൻസ് എന്ന കമ്പനിയാണ് ലോകത്ത് ഏറ്റവും കൂടുതൽ വനിത പൈലറ്റുമാർക്ക് നിയമനം നൽകുന്നത്. ഇവരുടെ 30 ശതമാനം പൈലറ്റുമാരും വനിതകളാണ്.
13.9 ശതമാനം വനിത പൈലറ്റുമാരുമായി ഇന്റിഗോ ആണ് രണ്ടാം സ്ഥാനത്ത്. 351 പേരാണ് ഇവിടെ വിമാനം പറത്തുന്ന സ്ത്രീകൾ. ജെറ്റ് എയർവേസിൽ 231 പേരും സ്പൈസ് ജെറ്റിൽ 113 പേരും വനിതകളാണ്. എയർ ഇന്ത്യയിൽ 217 വനിത പൈലറ്റുമാരാണ് ഉളളത്.
അമേരിക്കൻ കമ്പനികളെ ഒഴിച്ചുനിർത്തിയാൽ നൂറിലേറെ വനിത പൈലറ്റുമാർ ക്യാപ്റ്റന്മാരായി പ്രവർത്തിക്കുന്നത് ഇന്ത്യൻ കമ്പനികളായ ഇന്റിഗോയിലും ജെറ്റ് എയർവേസിലുമാണ്. ഇന്റിഗോയിൽ 118 പേരും ജെറ്റ് എയർവേസിൽ 100 പേരുമാണ് ക്യാപ്റ്റന്മാർ.