കൊച്ചി: ചരിത്രത്തിലേക്കു നാവികസേനയുടെ ഹെലികോപ്റ്റര്‍ പറത്താന്‍ റിതി സിങ്ങും കുമുദിനി ത്യാഗിയും. നാവിക സേനയുടെ യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്റര്‍ പറത്തുന്ന ആദ്യ വനിതാ ഓഫിസര്‍മാരാകുകയാണ് സബ് ലഫ്റ്റനന്റുമാരായ ഇരുവരും.
കരയില്‍നിന്ന് പറത്തുന്ന ഫിക്സഡ് വിങ് എയര്‍ക്രാഫ്റ്റുകളിലാണ് ഇതുവരെ വനിതകളെ നാവികസേന നിയോഗിച്ചിരുന്നത്. ഇതുസംബന്ധിച്ച തീരുമാനം മാറ്റിയതോടെയാണ് ഇരുവരും യുദ്ധക്കപ്പലുകളിലെ ആദ്യ വനിതാ ഓഫീസര്‍മാരായി ചരിത്രത്തില്‍ ഇടംപിടിക്കുന്നത്. നാവികസേനയുടെ എംഎച്ച്-60 ആര്‍ ഹെലികോപ്ടറാണ് ഇരുവരും പറത്തുക.
Read More: ഗതാഗതനിയമ ലംഘനം: പിഴ ഓണ്‍ലൈനായി ഈടാക്കും; പുതിയ സംവിധാനം നാളെ മുതല്‍
കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡില്‍നിന്ന് ഒന്‍പതു മാസത്തെ ഒബ്‌സര്‍വര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയതോടെയാണു റിതിയെയും കുമുദിനിയെയും യുദ്ധക്കപ്പലുകളിലേക്കു നിയോഗിച്ചത്. ഇവര്‍ക്കൊപ്പം രണ്ടു വനിതകള്‍ കൂടി കോഴ്‌സ് പൂര്‍ത്തിയാക്കി. മലയാളിയായ ആര്‍ ക്രീഷ്മയും അഫ്‌നാന്‍ ഷെയ്ഖും. ഇരുവരെയും കരയില്‍നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന നിരീക്ഷണവിമാനങ്ങളിലാണ് പൈലറ്റുമാരായി നിയോഗിക്കുക.

ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ്) ബിരുദധാരികളായ കുമുദിനിയും റിതിയും 2018ലാണു സേനയുടെ ഭാഗമായത്. കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിയില്‍ ഒരു വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയശേഷമാണ് ഒബ്‌സര്‍വര്‍ കോഴ്‌സിനായി കൊച്ചിയിലെത്തിയത്. ഇരുവരും മള്‍ട്ടി റോള്‍ ഹെലികോപ്ടറില്‍ ഉള്‍പ്പെടെ 60 മണിക്കൂര്‍ പറക്കല്‍ പരിശീലനം പൂര്‍ത്തിയാക്കി. റിതി ഹൈദരാബാദ് സ്വദേശിയും കുമുദിനി യുപിയിലെ ഗാസിയാബാദ് സ്വദേശിയുമാണ്.
Read More: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അക്ഷരവൃക്ഷം പരിപാടിക്ക് ദേശീയ അവാർഡ്
ഷോര്‍ട്ട് സര്‍വിസ് കമ്മിഷന്‍ ബാച്ച് വഴിയാണു നാല് വനിതകളും സേനയിലെത്തിയത്. ഇവര്‍ ഉള്‍പ്പെടെ 17 ഓഫീസര്‍മാരുടെ ബാച്ചാണു പുതുതായി ഒബ്‌സര്‍വര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയത്. മറ്റു 13 പേരില്‍ മൂന്നുപേര്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലെ ഓഫീസര്‍മാരാണ്. ഇവര്‍ക്ക് ഇന്ന് ഐഎന്‍എസ് ഗരുഡയില്‍ നടന്ന ചടങ്ങില്‍ റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ് ‘വിങ്സ്’ നല്‍കി.