ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് ബസിലും മെട്രോയിലും സൗജന്യ യാത്ര നടപ്പിലാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. സര്‍ക്കാര്‍ ബസുകളില്‍ യാത്ര ചെയ്യുന്ന 40 ലക്ഷം യാത്രക്കാരില്‍ 30 ശതമാനം സ്ത്രീകളാണ്. ഉയര്‍ന്ന നിരക്ക് കാരണവും സുരക്ഷയുടെ പേരിലും യാത്ര ലഭിക്കാത്ത സ്ത്രീകള്‍ക്ക് ഇത് ഗുണകരമാകുമെന്ന് കേജ്‌‌രിവാള്‍ പറഞ്ഞു.

ശുപാര്‍ശ നടപ്പിലാക്കാനുളള വ്യക്തമായ പ്ലാനുമായി വരാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരാഴ്ച സമയം നല്‍കിയിട്ടുണ്ടെന്ന് കേജ്‌‌രിവാള്‍ പറഞ്ഞു. ‘2-3 മാസത്തിനുളളില്‍ ഇത് ആരംഭിക്കാനുളള ശ്രമത്തിലാണ് ഞങ്ങള്‍. ജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ തേടുന്നുണ്ട്,’ അദ്ദേഹം വ്യക്തമാക്കി. അതേസമയം, യാത്രയ്ക്ക് പണം അടയ്ക്കാന്‍ സാമ്പത്തിക സ്ഥിതിയുളള സ്ത്രീകള്‍ക്ക് ടിക്കറ്റ് വാങ്ങാമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന നിയമസഭ ലക്ഷ്യം വച്ചാണ് സൗജന്യ, ക്ഷേമ പദ്ധതിയുമായി കേജ്‍രിവാള്‍ മുന്നോട്ട് പോകുന്നത്. പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമാണ് പദ്ധതിയെന്ന് കേജ്‍രിവാള്‍ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 2014ലെ പോലെ ഇത്തവണയും എഎപിക്ക് സീറ്റുകളൊന്നും കിട്ടിയിരുന്നില്ല. അതേസമയം 2015ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70ല്‍ 67 സീറ്റും എഎപി നേടിയിരുന്നു. ബിജെപിക്ക് മൂന്ന് സീറ്റാണ് അന്ന് കിട്ടിയത്.

ഉയര്‍ന്ന വൈദ്യുതി നിരക്ക് കുത്തനെ കുറച്ചതിന് പുറമേ നിരവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കിയത് 2020ലും അധികാര തുടര്‍ച്ചയ്ക്ക് സഹായിക്കും എന്ന പ്രതീക്ഷയിലാണ് കേജ്‍രിവാള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook