ബ്യൂണോസ് അയേഴ്സ്: സ്തനങ്ങള്‍ വെളിവാക്കി സണ്‍ബാത്ത് ചെയ്തതിനെ വിലക്കിയ പൊലീസ് നടപടിക്കെതിരെ അര്‍ജന്റീനിയയില്‍ സ്ത്രീകള്‍ അര്‍ദ്ധനഗ്നരായി തെരുവിലിറങ്ങി. ബ്യൂണോസ് അയേഴ്സില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് ആള്‍ക്കാരാണ് പങ്കെടുത്തത്. ജനുവരിയില്‍ ബ്യൂണോസ് അയേഴ്സിലെ ഒരു കടല്‍തീരത്ത് നടന്ന സംഭവത്തെ തുടര്‍ന്നാണ് പ്രതിഷേധം നടക്കുന്നത്.

സ്തനങ്ങള്‍ മറയ്ക്കാതെ സണ്‍ ബാത്ത് ചെയ്തുകൊണ്ടിരുന്ന യുവതിയോട് ബീച്ചില്‍ നിന്നും പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായി പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. പൊതു ഇടങ്ങളില്‍ നഗ്നത കാണിക്കുന്നത് കുറ്റകരമാണെന്ന് വാദിച്ചായിരുന്നു പൊലീസുകാര്‍ യുവതിയെ നിര്‍ബന്ധിച്ച് ബീച്ചില്‍ നിന്നും പറഞ്ഞയച്ചത്.

എന്നാല്‍ സ്തനങ്ങള്‍ കുറ്റകരമല്ലെന്നും ആണിനുള്ള അതേ അവകാശങ്ങള്‍ പെണ്ണിനുമുണ്ടെന്ന് പ്രതിഷേധക്കാര്‍ വാദിച്ചു. അര്‍ദ്ധനഗ്ന മേനിയില്‍ മുദ്രാവാക്യങ്ങള്‍ എഴുതിയാണ് യുവതികള്‍ പ്രകടനമായെത്തിയത്. രാജ്യത്ത് ലിംഗ സമത്വം ഇല്ലാതാക്കാനാണ് അധികാരികളുടെ ശ്രമമെന്ന് ഇവര്‍ ആരോപിച്ചു. ‘പലയിടങ്ങളിലും സ്ത്രീകള്‍ ലൈംഗിക അധിക്ഷേപത്തിന് ഇരയാവുമ്പോള്‍ അവര്‍ ശ്രദ്ധിക്കില്ല. എന്നാല്‍ ഏതെങ്കിലും ഒരു പെണ്ണ് അവളുടെ സ്തനങ്ങള്‍ പ്രദര്‍ശിപ്പിച്ചാല്‍ അവര്‍ പൊലീസിനെ അയക്കും. ഫോട്ടോഗ്രാഫറായ ഗ്രെയ്‌സ് പ്രൗണസ്റ്റി പിക്വ പറയുന്നു.

ആണിന് ടോപ് ലെസ് ആയി പൊതു ഇടത്ത് പ്രത്യക്ഷപ്പെടാമെങ്കില്‍ എന്തുകൊണ്ട് പെണ്ണിനും ആയിക്കൂടെന്ന് പ്രതിഷേധക്കാര്‍ ചോദ്യം ഉയര്‍ത്തുന്നു. ലൈംഗീക അതിക്രമങ്ങളുടെ പേരില്‍ കഴിഞ്ഞ വര്‍ഷം അര്‍ജന്റീനിയയില്‍ ഉടനീളം വന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ പ്രതിഷേധങ്ങളും അരങ്ങേറുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook