കൊച്ചി: കേരളത്തിൽ സ്ത്രീകൾക്കുനേരെയുള്ള അക്രമങ്ങൾ ദിനംപ്രതി വർധിക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ പ്രമുഖ നടിക്കുനേരെയുണ്ടായ ആക്രമണമാണ് ഇതിൽ ഏറ്റവും അവസാനത്തേത്. സ്ത്രീ സുരക്ഷയ്ക്കായി മാറി മാറി വരുന്ന സർക്കാരുകൾ വിവിധ പദ്ധതികൾ കൊണ്ടുവരാറുണ്ട്. പദ്ധതികൾ പ്രാവർത്തികമാക്കുക മാത്രമല്ലാതെ അവയുടെയൊക്കെ നിലവിലെ അവസ്ഥ എന്താണെന്നു പരിശോധിക്കേണ്ട ഉത്തരവാദിത്തം കൂടി സർക്കാരിനില്ലേ?

സ്ത്രീകൾക്ക് എപ്പോൾ വേണമെങ്കിലും എന്തു ആവശ്യത്തിനുവേണമെങ്കിലും വിളിക്കാനുള്ളതാണ് വനിതാ ഹെൽപ്‌ലൈൻ നന്പർ. എന്നാൽ നിലവിലെ ഇവിടുത്തെ സ്ഥിതി വളരെ പരിതാപകരമാണ്. അവശ്യ ഘട്ടങ്ങളില്‍ സ്ത്രീകള്‍ സഹായത്തിനായി വിളിക്കുന്ന വനിതാ ഹെൽപ്‌ലൈനിൽ ആവശ്യത്തിന് പൊലീസുകാരില്ല. 24 മണിക്കൂറും സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഉടനടി അറിയിക്കാനായി ഏര്‍പ്പെടുത്തിയ 1091 ഹെൽപ്‌ലൈനില്‍ ഒരു ഡ്യൂട്ടി ഷെഡ്യൂളില്‍ ഒരു വനിതാ പൊലീസ് മാത്രമാണുള്ളത്. മൂന്നു വനിതാ പൊലീസും ഒരു പുരുഷ സിവിൽ പൊലീസ് ഓഫിസറും ഒരു ഡ്രൈവറും ഉണ്ടാകേണ്ട സ്ഥാനത്താണ് ഒരു ഉദ്യോഗസ്ഥ മാത്രമുള്ള അവസ്ഥ.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് നിരവധി സ്ത്രീകളാണ് 1091 ലേക്ക് ദിനംപ്രതി വിളിക്കുന്നത്. ഒരു ദിവസം ശരാശരി 25 കോളുകളെങ്കിലും സഹായം അഭ്യര്‍ത്ഥിച്ച് എത്തുന്നു. രാത്രിയാണ് കൂടുതല്‍ ഫോണ്‍ കോളുകള്‍ വരുന്നത്. കുടുംബ വഴക്കുകള്‍, മദ്യപിച്ചെത്തുന്ന ഭര്‍ത്താക്കന്മാരുടെ ഉപദ്രവം, വഴിതെറ്റി നഗരത്തില്‍ ഒറ്റപ്പെട്ടു പോയവര്‍, റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും രാത്രി തനിച്ചാകുന്നവര്‍ തുടങ്ങി വിവിധ സന്ദര്‍ഭങ്ങളില്‍ സഹായത്തിനായാണു സ്ത്രീകള്‍ വിളിക്കുന്നത്.

കൊച്ചി ആസ്ഥാനമാക്കിയാണു വനിതാ ഹെല്‍പ്‌ലൈനിന്റെ പ്രവര്‍ത്തനം. കൊച്ചി നഗര പരിധിക്ക് അകത്തുനിന്നാണു വിളിക്കുന്നതെങ്കില്‍ ഉടന്‍ തന്നെ അവിടെയെത്തി വേണ്ട സഹായം ചെയ്യുകയാണ് പതിവ്. നഗരത്തിന് പുറത്തുനിന്നോ മറ്റു ജില്ലകളില്‍നിന്നുമാണോ വിളിക്കുന്നതെങ്കില്‍ വിളിക്കുന്നയാളുടെ സ്ഥലത്തിന് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ച് സഹായം ലഭ്യമാക്കുകയും സഹായത്തിനായി വിളിച്ചയാളെ തിരിച്ചുവിളിച്ച് ഇക്കാര്യം അറിയിക്കുകയും ചെയ്യും. എന്നാല്‍ ഒരാള്‍ മാത്രം ഡ്യൂട്ടിയിലുള്ളപ്പോള്‍ അടിയന്തര സഹായത്തിനായി വിളിക്കുന്നവരുടെ അടുത്ത് പോകേണ്ട സാഹചര്യം വന്നാല്‍ പിന്നെ ഫോണ്‍ കോളിനു മറുപടി നല്‍കാന്‍ പൊലീസുകാരുണ്ടാകില്ല. അതായത് പിന്നീട് സഹായത്തിനായി 1091ല്‍ വിളിച്ചാല്‍ നിരാശയാകും ഫലം. രാത്രിയിലടക്കം ഒരു സമയത്ത് മൂന്നു പൊലീസുകാര്‍ ഡ്യൂട്ടിക്ക് വേണമെന്നു വനിത ഹെൽപ്‌ലൈന്‍ തുടങ്ങിയ സമയത്തുണ്ടായിരുന്ന നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണ് അധികൃതരുടെ ഈ അനാസ്ഥ.

നഗരത്തില്‍ പകല്‍ സമയങ്ങളില്‍ സ്ത്രീകള്‍ക്കുനേരെ ഉണ്ടാകുന്ന ഉപദ്രവങ്ങള്‍ തടയാനായി തുടങ്ങിയ പിങ്ക് പൊലീസിലേക്കു കൂടുതല്‍ വനിത പൊലീസുകാര്‍ മാറിയതാണ് ഹെൽപ്‌ലൈനില്‍ ജീവനക്കാരുടെ എണ്ണം കുറയാന്‍ കാരണം. എന്നാല്‍ പകല്‍ സമയത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നത്തേക്കാള്‍ രാത്രികാലങ്ങളില്‍ സഹായത്തിനു വിളിക്കുന്നവരുടെ എണ്ണം കൂടുതലാണെന്നു കണക്കുകള്‍ പറയുന്നു.

ഹെൽപ്‌ലൈനില്‍ ഉപയോഗിക്കുന്ന ഫോണിന്റെ ബില്‍ കുറച്ചൊന്നു കൂടിയാല്‍ ഡ്യൂട്ടിക്കുള്ള വനിതാ പൊലീസുകാര്‍ക്ക് മേലുദ്യോഗസ്ഥരുടെ ശകാരം കേള്‍ക്കേണ്ടി വരാറുണ്ടെന്നു പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥ പറയുന്നു. ഇതു കൂടാതെ ഈ തുക പലപ്പോഴും പൊലീസുകാര്‍ പിരിച്ച് കൊടുക്കേണ്ട അവസ്ഥയും വന്നിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. 1091 ടോള്‍ ഫ്രീ നമ്പറാണെങ്കിലും ഹെൽപ്‌ലൈനില്‍ ഓഫിസ് ആവശ്യത്തിനായി ഉപയോഗിക്കുന്ന ലാന്‍ഡ്ഫോണ്‍ സൗജന്യമല്ല. പലപ്പോഴും സഹായം ആവശ്യപ്പെട്ട് വിളിക്കുന്നവരെ അടുത്തുള്ള പൊലീസ് സ്റ്റേഷനുമായോ കണ്‍ട്രോള്‍ റൂമുമായോ ബന്ധിപ്പിക്കുകയും അത് വിളിച്ചവരെ തിരികെ വിളിച്ച് പറയുകയും ചെയ്യുന്നത് ലാന്‍ഡ് ഫോണിലൂടെയാണ്. ഇത്തരത്തില്‍ ബില്‍ കൂടുന്നതിനു ശകാരം കേള്‍ക്കേണ്ടിവരുന്നതിനാല്‍ ഹെല്‍പ്‌ലൈനിലേക്ക് വിളിക്കുന്നവര്‍ക്ക് കണ്‍ട്രോള്‍ റൂമിന്റെ നമ്പര്‍ നല്‍കി നേരിട്ട് അങ്ങോട്ട് വിളിക്കാന്‍ ആവശ്യപ്പെടാറുണ്ടെന്നും ഇവര്‍ പറയുന്നു.

ചില വിരുതന്മാര്‍ ടോള്‍ ഫ്രീ ആയതുകൊണ്ട് രാത്രി സമയത്ത് നേരംപോക്കിന് വിളിക്കുന്നതും വനിത ഹെൽപ്‌ലൈനിലേക്കാണ്! ചില ദിവസങ്ങളില്‍ ചിലര്‍ വിളിച്ച് അസഭ്യം പറയുകവരെ ചെയ്യാറുണ്ടെന്നു വനിത പൊലീസുകാര്‍ പറഞ്ഞു. നടപടിയെടുക്കുമെന്നു പറയുമ്പോള്‍ മാത്രം ചിലര്‍ ഒതുങ്ങുമെന്നും എന്നാല്‍ പ്രതികാരമെന്നോണം വീണ്ടും വിളിക്കുന്നവരും കുറവല്ലെന്നും ഇവര്‍ പറഞ്ഞു. മേലുദ്യോഗസ്ഥരോട് പരാതിപ്പെട്ടാലും ഹെൽപ്‌ലൈനില്‍ വരുന്ന കോളുകള്‍ ഒഴിവാക്കാനാവാത്തതുകൊണ്ട് അവര്‍ക്കും നടപടിയെടുക്കാനാകില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ