കൊച്ചി: രാജ്യത്ത് രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, ആത്മീയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശക്തരും കഴിവുറ്റവരുമാണ് സ്ത്രീകളെന്ന് ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍. രാജ്യത്തിന്റെ ഏറ്റവും പ്രധാന വകുപ്പുകളായ പ്രതിരോധ, വിദേശകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണെന്നും, കൊടുക്കുന്ന ഉത്തരവാദിത്തങ്ങള്‍ ഭംഗിയോടെ നിര്‍വഹിക്കാന്‍ കഴിവള്ളവരാണ് സ്ത്രീകളെന്നും സുമിത്ര മഹാജന്‍ ചൂണ്ടിക്കാട്ടി.

കൊച്ചിയിലെ കേരള ക്ഷേത്ര മാതൃ സംരക്ഷണ സമിതിയിയുടെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. പാര്‍ലമെന്റിലേക്കും സംസ്ഥാന അസംബ്ലികളിലേക്കും തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകള്‍ ശക്തരും കഴിവുറ്റവരുമാണ്. അത്തരം സ്ത്രീകള്‍ തങ്ങളുടെ സമൂഹത്തിനും മറ്റ് സ്ത്രീകള്‍ക്കും മാതൃകയാകണമെന്നും സുമിത്ര മഹാജന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം വനിതാ എംഎല്‍എമാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ദേശീയ കോണ്‍ഫറന്‍സില്‍ താന്‍ ഇക്കാര്യം പറഞ്ഞിരുന്നെന്നും സുമിത്ര മഹാജന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, സ്ത്രീകള്‍ക്കായുള്ള നിയമ നിര്‍മ്മാണം, മറ്റു സത്രീകള്‍ക്കുള്ള വിദ്യാഭ്യാസം, പരിശീലനം, മാര്‍ഗനിര്‍ദ്ദേശം എന്നിവ നല്‍കണം. സമൂഹത്തിന്റെ ക്ഷേമത്തിനുതകുന്ന രീതിയില്‍ അവരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിച്ച് അവരെ പ്രായോഗികതയുള്ളവരും കാര്യക്ഷമതയുള്ളവരുമാക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ