തെലങ്കാനയിലെ കോതാഗുഡെമിൽ മാലിന്യ ശേഖരണ കേന്ദ്രം നടത്തുന്ന ഷബാന ബീഗത്തിന്റെ ആദ്യവിമാനയാത്രയായിരുന്നു അത്. ഷബാനയുടേതു മാത്രമല്ല, കൂടെയുള്ള ഭൂരിഭാഗം സ്ത്രീകളെ സംബന്ധിച്ചും സംസ്ഥാനം വിട്ടുള്ള അത്തരമൊരു യാത്ര ആദ്യമായിരുന്നു.
മാലിന്യസംസ്കരണത്തിലൂടെ ജീവിതം കെട്ടിപ്പടുത്ത ഒരു കൂട്ടം സ്ത്രീകളുടെ വിജയകഥ പറയുകയാണ് ഇന്ത്യൻ എക്സ്‌പ്രസ്സ് അസിസ്റ്റന്റ് എഡിറ്ററായ ദാമിനി നാഥ്.
10 പേരാണ് ഷബാനയുടെ മാലിന്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്നത്. രാജ്യത്തുടനീളം മാലിന്യ ശേഖരണത്തിലും വേർതിരിക്കലിലും ഏർപ്പെട്ടിരിക്കുന്ന 300 ഓളം സ്ത്രീകളോടൊപ്പം ഷബാനയും മാലിന്യ സംസ്കരണത്തിന്റെ പുതിയ മാർഗങ്ങൾ കാണാനും പഠിക്കാനുമായി 14 ആതിഥേയ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തു. സ്വച്ഛ് ഭാരത് മിഷൻ-അർബന്റെ വനിതാ ശുചീകരണ തൊഴിലാളികൾക്കായുള്ള മൂന്നാഴ്ചത്തെ പ്രത്യേക ക്യാംപെയ്നിന്റെ ഭാഗമായിട്ടാണിത്.
സീറോ വേസ്റ്റിന്റെ ആദ്യ രാജ്യാന്തര ദിനമായ വ്യാഴാഴ്ച ക്യാംപെയ്ൻ അവസാനിച്ചു. ബുധനാഴ്ച ന്യൂഡൽഹിയിൽ നടന്ന പരിപാടിയിൽ പല സ്ത്രീകളും മാലിന്യ ശേഖരണ പ്രവർത്തനങ്ങളിലെ തങ്ങളുടെ അനുഭവങ്ങളും പഠന യാത്രകളും കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരിയോട് പങ്കുവച്ചു.
ഷബാനയുടെ ഡൽഹിയിലേക്കുള്ള ആദ്യ യാത്രയാണ് ഇതെന്ന് ഹർദീപ് സിങ് പറഞ്ഞപ്പോൾ “വിമാനത്തിലും ആദ്യമാണെന്ന്” അവർ കൂട്ടിച്ചേർത്തു. മാലിന്യ സംസ്കരണ പഠനത്തിനായി ഭുവനേശ്വറിലേക്ക് പോയവരിൽ ഷബാനയും ഉണ്ടായിരുന്നു.
“ഞാൻ ചെറിയൊരു സ്വയം സഹായ സംഘത്തിൽ നിന്നാണ് വരുന്നത്, എന്റെ ഭർത്താവ് ഓട്ടോ ഡ്രൈവറാണ്. ഡ്രൈ വേസ്റ്റുകൾ ശേഖരിക്കുന്ന കേന്ദ്രം നടത്താനുള്ള അവസരം എനിക്ക് ലഭിച്ചു. ഇപ്പോൾ ആ കേന്ദ്രത്തിൽ പത്തുപേരാണ് ജോലി ചെയ്യുന്നത്. ഞങ്ങൾ മാലിന്യം വേർതിരിക്കുകയും അതിൽനിന്നു കമ്പോസ്റ്റ് നിർമ്മിക്കുകയും ചെയ്യുന്നു,” ഷബാന പറഞ്ഞു. നിങ്ങൾ അടുത്ത തവണ വരുമ്പോൾ പുതിയ പാർലമെന്റ് കാണിച്ചു തരാമെന്നും ഹർദീപ് സിങ് പറഞ്ഞു.
മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, രാജ്യത്ത് ശുചീകരണ- മാലിന്യ സംസ്കരണ മേഖലയിലായി ഏകദേശം 4 ലക്ഷം സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. അവരിൽ പലരും മാലിന്യ സംസ്കരണ പഠന യാത്രകൾക്കായാണ് ആദ്യമായി സംസ്ഥാനം വിട്ടു യാത്ര ചെയ്യുന്നത്. യാത്രകളിൽ മാലിന്യ സംസ്കരണ പ്ലാന്റുകൾ സന്ദർശിക്കുകയും സംസ്കരണത്തിന്റെ സാങ്കേതിക വിദ്യകളെക്കുറിച്ച് പഠിക്കുകയും പുതിയ സൗഹൃദങ്ങൾ രൂപപ്പെടുത്തുകയും ചെയ്തുവെന്ന് സ്വച്ഛ് ഭാരത് മിഷൻ-അർബൻ ഡയറക്ടർ രൂപ മിശ്ര പറഞ്ഞു.
ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ വീടുതോറുമുള്ള മാലിന്യം ശേഖരിക്കുന്ന ‘ബൈനി സേന’യിലെ അംഗമായ പ്രഭ ഖങ്ക, ഛത്തീസ്ഗഡിലെ അംബികാപൂരിലേക്കുള്ള തന്റെ യാത്ര വീട്ടുമാലിന്യ സംസ്കരണത്തിന്റെ കൂടുതൽ സാധ്യത മനസ്സിലാക്കി തന്നുവെന്ന് വെളിപ്പെടുത്തുന്നു.
“ഇതുവരെ, മാലിന്യമായി കണക്കാക്കിയിരുന്ന വസ്തുക്കളിൽനിന്നു പണം സമ്പാദിക്കാൻ കഴിയുമെന്ന്, അംബികാപൂരിൽ പോയതിനുശേഷമാണ് ഞങ്ങൾ മനസ്സിലാക്കിയത്. പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്ത് വ്യത്യസ്ത ഉൽപന്നങ്ങൾ ഉണ്ടാകുന്നത് ഞങ്ങൾ കണ്ടു,” പ്രഭ പറഞ്ഞു.
റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്ക് കൊണ്ട് നിർമ്മിച്ച തന്റെ സൈസുള്ള ജാക്കറ്റ് അയച്ചുതരാമെന്ന് മന്ത്രി വാഗ്ദാനം ചെയ്തപ്പോൾ, സ്വയം സഹായ സംഘങ്ങളെ ഇത്തരം ജാക്കറ്റ് സ്വയം ഉണ്ടാക്കാൻ പരിശീലിപ്പിക്കണമെന്ന് പ്രഭ ആവശ്യപ്പെട്ടു.
“നിങ്ങൾ സ്ത്രീകളാണ്, നിങ്ങൾ എങ്ങനെ മാലിന്യം കൊണ്ടുപോകുമെന്ന് ആദ്യം ആളുകൾ പറയുമായിരുന്നു, ഞങ്ങൾ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. ഇപ്പോൾ വീട്ടുകാരോട് മാലിന്യങ്ങൾ നൽകാൻ ആവശ്യപ്പെടേണ്ടതില്ല,” 2018 ൽ വീടുതോറുമുള്ള ശേഖരണം ആരംഭിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളെക്കുറിച്ച് ത്രിപുരയിൽ നിന്നുള്ള അമൃത പാൽ സൂത്രധർ വിവരിച്ചു.
സ്ത്രീകൾ മാലിന്യം ശേഖരിക്കുന്നതിൽ ആളുകൾക്ക് എതിർപ്പുണ്ടായിരുന്നില്ല. എന്നാൽ യൂസർ ഫീ ഈടാക്കാൻ സമയമായപ്പോൾ പല വീട്ടുകാരും അതിനെ എതിർത്തുവെന്ന് മണിപ്പൂരിൽ നിന്നുള്ള ഗംഗാദേവി പറഞ്ഞു. ഓരോ മാസവും മാലിന്യം ശേഖരിക്കുന്നതിന് ഒരു വീട്ടിൽ നിന്നു 20 രൂപ ആവശ്യപ്പെട്ടപ്പോൾ, സ്വാശ്രയ സംഘത്തിലെ അംഗങ്ങളും എതിർപ്പ് നേരിട്ടെന്നും എന്നാൽ ഇപ്പോൾ ഒട്ടുമിക്കപേരും ഇത് നിരസിക്കുന്നില്ലെന്നും ഉത്തരാഖണ്ഡിൽ നിന്നുള്ള ഊർമിള ബിഷ്ത് പറഞ്ഞു.
“കോവിഡ് സമയത്തും ഞങ്ങൾ ജോലി നിർത്തിയിരുന്നില്ല. പല ആളുകൾ ഞങ്ങളോട് നിങ്ങൾ എന്തിനാണ് ഇത് ചെയ്യുന്നതെന്ന് ചോദിക്കുമായിരുന്നു. എന്നാൽ അത് തുടർന്നില്ലെങ്കിൽ, നഗരത്തിൽ രോഗം കൂടുതലായി പകരുമെന്നു ഞങ്ങൾ പറഞ്ഞു,” കോവിഡ് 19 മഹാമാരി അതിന്റെ തീവ്രതയിൽ നിൽക്കുന്ന സമയത്തെ അനുഭവങ്ങളെക്കുറിച്ച് അംബികാപൂരിൽ നിന്നുള്ള ശ്വേത സിൻഹ പറയുന്നതിങ്ങനെ.