ജയ്‌പൂർ: സുപ്രീംകോടതിയിൽനിന്നും അനുകൂല വിധി നേടിയിട്ടും സഞ്ജയ് ലീല ബൻസാലിയുടെ ‘പത്മാവത്’ സിനിമയുടെ റിലീസ് പ്രതിസന്ധിയിൽ. സിനിമയുടെ റിലീസ് തയണമെന്നാവശ്യപ്പെട്ട് പല സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാവുകയാണ്. രാജസ്ഥാനിലെ ചിറ്റോർഗഡിൽ സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധ റാലിയിൽ നൂറുകണക്കിന് സ്ത്രീകൾ പങ്കെടുത്തു. സിനിമ റിലീസ് ചെയ്യുകയാണെങ്കിൽ തീയിൽ ചാടി മരിക്കുമെന്ന് സ്ത്രീകൾ ഭീഷണി മുഴക്കിയിട്ടുണ്ട്.

ഏകദേശം രണ്ടായിരത്തോളം സ്ത്രീകൾ തീയിൽ ചാടി മരിക്കാൻ തയ്യാറാണെന്ന് അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ട്. റാലിക്ക് അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്തുളള നിവേദനം ജില്ലാ കലക്ടർ ഇന്ദ്രജീത് സിങ്ങിന് സമർപ്പിക്കുകയും ചെയ്തു.

റാണി പത്മിനിയുടെ മഹിമ നഷ്ടപ്പെടാതെ നിലനിർത്തുന്നതിനും ജനുവരി 25 ന് റിലീസ് ചെയ്യുന്ന ‘പത്മാവത്’ സിനിമ തടയണം എന്നാവശ്യപ്പെട്ടുമാണ് റാലി നടത്തിയത്. സിനിമയുടെ റിലീസ് തടഞ്ഞില്ലെങ്കിൽ രജപുത്ര സ്ത്രീകൾ ജനുവരി 24 ന് ജോഹർ (തീയിൽ ചാടി മരിക്കുന്ന ആചാരം) നടത്തുമെന്നും നിവേദനത്തിലുണ്ട്.

അടുത്ത 3 ദിവസത്തിനുളളിൽ സിനിമയുടെ റിലീസ് തടഞ്ഞില്ലെങ്കിൽ തീയിൽ ചാടി മരിക്കുന്ന സ്ത്രീകളുടെ മൃതദേഹങ്ങൾ ഇന്ത്യയിൽ പത്മാവത് സിനിമ റിലീസ് ചെയ്യുന്ന തിയേറ്റർ ഉടമകളുടെ അടുത്തേക്ക് എത്തിക്കുമെന്ന് രജപുത്ര കർണി സേന വക്താവ് വിജേന്ദ്ര സിങ് ഭീഷണി മുഴക്കി. സിനിമ റിലീസ് ചെയ്താൽ പിന്നെ സംഭവിക്കുന്നവയ്ക്ക് തിയേറ്റർ ഉടമകൾ മാത്രമായിരിക്കും ഉത്തരവാദികളെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ