ഛണ്ഡിഗഡ്: സ്ത്രീകള്‍ തങ്ങളുടെ പഴയ കാമുകന്മാരെ തിരികെ കിട്ടാന്‍ വേണ്ടിയാണ് ബലാത്സംഗ പരാതി ഉന്നയിക്കുന്നതെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഖട്ടറിന്റെ വിവാദ പരാമര്‍ശം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹരിയാനയില്‍ ബലാത്സംഗക്കേസുകള്‍ വര്‍ധിച്ചു വരുന്നുവെന്ന റിപ്പോര്‍ട്ടുകളെ ഖട്ടര്‍ തള്ളിക്കളയുകയും ചെയ്തു.

‘ബലാത്സംഗങ്ങള്‍ നേരത്തേയും ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്. ആകെയുള്ള ആശങ്ക അതിന്റെ എണ്ണം കൂടിയിട്ടുണ്ട് എന്നത് മാത്രമാണ്,’ ഖട്ടര്‍ പറഞ്ഞു. ഭൂരിഭാഗം പീഡനങ്ങളും നടക്കുന്നത് പരസ്പരം അറിയാവുന്നവര്‍ക്കിടയിലാണെന്നും ഖട്ടര്‍ പിന്നീട് പറഞ്ഞു.

‘ഏകദേശം 80-90% ബലാത്സംഗങ്ങളും നടക്കുന്നത് പരസ്പരം അറിയാവുന്നവര്‍ക്കിടയില്‍ തന്നെയാണ്. കുറേനാള്‍ അവര്‍ ഒരുമിച്ച് കറങ്ങിനടക്കും. പിന്നീട് ഇവര്‍ക്കിടയില്‍ ഒരു പ്രശ്‌നം വരുമ്പോള്‍ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് പരാതി നല്‍കും,’ ഖട്ടര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധമറിയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. താനും തന്റെ സര്‍ക്കാരും എത്ര സ്ത്രീവിരുദ്ധ മനോഭാവമുള്ളവരാണെന്നാണ് ഖട്ടര്‍ തെളിയിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. ബലാത്സംഗങ്ങള്‍ നടക്കുന്നതിന്റെ ഉത്തരവാദികള്‍ സ്ത്രീകളാണെന്ന രീതിയിലുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ ഇങ്ങനെയാണ് ചിന്തിക്കുന്നതെങ്കില്‍ അവിടുത്തെ പെണ്‍കുട്ടികളുടെ സുരക്ഷയുടെ അവസ്ഥ എന്തായിരിക്കും എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ട്വീറ്റ് ചെയ്തു.

എന്നാല്‍ ഇത് ആദ്യമായല്ല ഖട്ടര്‍ ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നത്. 2014ലും ഇത്തരം വിവാദ പരാര്‍മശത്തിന്റെ പേരില്‍ ഖട്ടര്‍ വെട്ടിലായിട്ടുണ്ട്. ബലാത്സംഗം വര്‍ധിക്കാന്‍ കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണെന്നും പാശ്ചാത്യ രീതികള്‍ ഉപേക്ഷിച്ച് ഇന്ത്യയുടെ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാല്‍ ബലാത്സംഗങ്ങള്‍ കുറയ്ക്കാമെന്നുമായിരുന്നു അന്ന് ഖട്ടറിന്റെ കണ്ടുപിടിത്തം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook