ന്യൂഡല്‍ഹി: ഡെല്‍ഹിയിലെ രാജൗരിയില്‍ അമ്മയും രണ്ട് പെണ്‍മക്കളും മൊബൈല്‍ കട അടിച്ചു തകര്‍ത്തു. കടയില്‍ നിന്ന് വാങ്ങിയ ഫോണിന് കേടുണ്ടെന്ന് ആരോപിച്ചായിരുന്നു മൂവരും അതിക്രമം കാണിച്ചത്. കടയിലെ ജോലിക്കാരേയും ഉടമയേയും സ്ത്രീകള്‍ കൈയേറ്റം ചെയ്യുകയും ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ കടയില്‍ ഉണ്ടായിരുന്ന ഒരാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. കടയില്‍ നിന്നും ഇവര്‍ വാങ്ങിയ ഒരു ഫോണുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അതിക്രമത്തിലേക്ക് വഴിവെച്ചതെന്ന് പൊലീസ് പറഞ്ഞു. വാങ്ങിയ ഫോണിന് കേടുണ്ടെന്ന് പറഞ്ഞ് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടായിരുന്നു അമ്മയും രണ്ട് മക്കളും കടയിലെത്തിയത്.
എന്നാല്‍ ഫോണ്‍ മാറ്റിത്തരാന്‍ കഴിയില്ലെന്ന് കടയുടമ പറഞ്ഞതാണ് ഇവരെ പ്രകോപിപ്പിച്ചത്.

കടയുടമയേയും ജോലിക്കാരേയും കൈയേറ്റം ചെയ്ത സ്ത്രീകള്‍ കടയിലെ സാധമസാമഗ്രികളും തകര്‍ത്തു. ഇവര്‍ക്കെതിരെ കേസെടുത്ത പൊലീസ് മഡിപ്പൂരിലുള്ള ഇവരുടെ വീട് റെയ്ഡ് ചെയ്തെങ്കിലും അക്രമികളെ പിടികൂടാനായില്ല. ഇവര്‍ ഒളിവില്‍ പോയതായാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ