കീവ്: തുറമുഖ നഗരമായ മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ മില്ലില്‍ നിന്ന് എല്ലാ സ്ത്രീകളെയും കുട്ടികളെയും പ്രായമായ സാധാരണക്കാരെയും ഒഴിപ്പിച്ചതായി യുക്രൈന്‍ ഉദ്യോഗസ്ഥർ അറിയിച്ചു. ഒരാഴ്ച നീണ്ട പരിശ്രമത്തിലൊടുവിലാണ് ആക്രമണങ്ങള്‍ക്കിടയിലും രക്ഷാപ്രവര്‍ത്തനം സാധ്യമായത്. നൂറുകണക്കിന് പേരെ ഇതുവരെ സ്റ്റീല്‍ മില്ലില്‍ നിന്നും രക്ഷപ്പെടുത്തി.
സോവിയറ്റ് കാലഘട്ടത്തിലുള്ള സ്റ്റീല്‍ മില്ലായിരുന്നു യുക്രൈന്‍ സേനയുടെ ചെറുത്തു നില്‍പ്പ്. 10 ആഴ്‌ച നീണ്ടുനിന്ന യുദ്ധത്തിൽ കിഴക്കൻ, തെക്കൻ യുക്രൈനിന്റെ ഭാഗങ്ങൾ പിടിച്ചെടുക്കാനുള്ള റഷ്യൻ ശ്രമത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ പ്രതീകമായി മാറിയിരിക്കുന്നു സ്റ്റീല്‍ മില്‍.
കനത്ത ബോംബാക്രമണമുണ്ടായിരുന്ന മേഖലയില്‍ സൈനികരും സാധാരണക്കാരും ആഴ്‌ചകളോളം ആഴത്തിലുള്ള ബങ്കറുകളിലും തുരങ്കങ്ങളിലും ഭക്ഷണമോ വെള്ളമോ മരുന്നുകളോ ഇല്ലാതെ അതിജീവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
തന്ത്രപ്രധാനമായ തുറമുഖ നഗരത്തില്‍ അവശേഷിക്കുന്ന യുക്രൈന്‍ സൈനികരേയും കീഴടക്കുന്നതിനായി യുദ്ധസംവിധാനങ്ങള്‍ ഉപയോഗിച്ച് റഷ്യൻ സൈന്യം ശനിയാഴ്ച വീണ്ടും അസോവ്സ്റ്റല്‍ സ്റ്റീല്‍ മില്ലിനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
ആഴ്ചകള്‍ നീണ്ട ആക്രമണത്തില്‍ മരിയുപോള്‍ തകര്‍ന്നുവെന്ന് തന്നെ പറയാം. സ്റ്റീല്‍ മില്ലിന്റെ വലിയൊരു ഭാഗമില്ലാതായതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണം ശമിച്ച സാഹചര്യത്തില്‍ മാത്രമായിരുന്നു രക്ഷാപ്രവര്‍ത്തനവുമായി അധികൃതര്‍ മുന്നോട്ട് പോയത്. ഐക്യരാഷ്ട്ര സഭയുടേയും റെഡ് ക്രോസ് കമ്മിറ്റിയുടേയും മേല്‍നോട്ടത്തിലായിരുന്നു രക്ഷാദൗത്യം.
Also Read: കുട്ടികൾക്കിടയിലെ ‘സാങ്കേതിക വിദ്യയുമായുള്ള അമിതമായ സമ്പർക്കം’ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി